പേരാമ്പ്ര : പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാകുന്നതായി പരാതി . ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മണിക്കൂറുകളോളം വരിയിൽ നിന്നതിന് ശേഷമാണ് ഡോക്ടറെ കാണിക്കാൻ സാധിക്കുന്നത്. കാഷ്വാലിറ്റിയിൽ പല ദിവസങ്ങളിലും ഒരു ഡോക്ടറാണ് ഉണ്ടാവാറുള്ളത്. ദിവസം 500 പേരെങ്കിലും ഇവിടെ ചികിത്സ തേടുന്നുണ്ട്. വാഹനാപകട കേസുകളും മറ്റും വരുമ്പോൾ സ്ഥിതി ഗുരുതരമായി മാറുകയാണ്. വർഷകാലം ആയതോടെ രോഗബാധിതരുടെ എണ്ണവും കൂടിവരികയാണ്. പലരും പനിബാധിച്ചാണ് ആശുപത്രിയിലെത്തുന്നത്. താലുക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സി.എച്ച്.സിയുടെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്.

ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഭീമമായ തുക ചെലവാക്കി സ്വകാര്യ ആശുപത്രികള ആശ്രയിക്കേണ്ട അവസ്ഥയാണ്.

പ്രതിഷേധിച്ച് ബി.ജെ.പി

മലയോര മേഖലയിലെ രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയെ നോക്കുത്തിയാക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ ബഹുജന പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് കെ.പി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ് മുഖ്യപ്രഭാഷണം നടത്തി. പ്രസൂൺ കല്ലോട് അദ്ധ്യക്ഷത വഹിച്ചു. തറമൽ രാഗേഷ്, കെ.എം സുധാകരൻ, കെ എം ബാലകൃഷ്ണൻ ,എം.ജി വേണു, ടി.എം ഹരിദാസ് , ജൂബിൻ ബാലകൃഷ്ൺ, ജനാർദ്ധനൻ വെങ്ങപ്പറ്റ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:

ബി ജെ പി ജില്ല വൈസ് പ്രസിഡണ്ട് കെ.പി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു