news
കൊതുക് സാന്ദ്രതാ പഠനത്തിന്റെ ഭാഗമായി ജില്ലാ വെക്ടറൽ കൺഡ്രോൾ യൂനിറ്റിന്റെ നേതൃത്വത്തിൽ പന്നിവയൽ പ്രദേശത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

കുറ്റ്യാടി: പഞ്ചായത്തിലെ പത്താംവാർഡ് പന്നിവയൽ പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ വെക്ടറൽ കൺട്രോൾ യൂണിറ്റിലെ എൻഡമോളജിസ്റ്റ് വിഭാഗം കൊതുക് സാന്ദ്രതാപഠനവും ബോധവത്ക്കരണവും നടത്തി. പരിശോധനയിൽ പ്രദേശത്ത് രോഗ വാഹകയായ ഈഡിസ് കൊതുകിന്റെ വ്യാപന സാന്നിധ്യവും രോഗ വ്യാപന സാദ്ധ്യതയും കണ്ടെത്തി.

കൊതുക് വ്യാപനം തടയാൻ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിരന്തരം നിർദ്ദേശം നൽകിയിട്ടും പാലിക്കാത്തവർക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകുകയും ചെയ്തു. മൂന്നുപേർക്കാണ് നിലവിൽ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചത്. സോണൽ എൻഡമോളജിസ്റ്റ് എസ്.ആർ അഹല്യ, ഇൻസെറ്റ് കലക്ടർമാരായ പി.എസ്.അനുശ്രീ, സി.കെ ജാവിദ് ഹുസൈൻ, കുറ്റ്യാടി ജെ.എച്ച്.ഐ അബ്ദുൽ സലാം, ആശാവർക്കർമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.