മേപ്പാടി: ബസ്‌സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ തെരുവുനായക്കൂട്ടം ആക്രമിച്ചു. മലപ്പുറം വേങ്ങര സ്വദേശി പാലശ്ശേരി കോലാട്ട് മുഹമ്മദ് (81) നാണ് പരുക്കേറ്റത്.

ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ബസ്‌സ്റ്റാൻഡിലെ കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മുഹമ്മദിനെ തെരുവു നായ്ക്കൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ മുഹമ്മദിനെ നാട്ടുകാർ ആദ്യം മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

മേപ്പാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. രാപ്പകൽ വ്യത്യാസമില്ലാതെ നിരവധി നായ്ക്കളാണ് ഇവിടെ തമ്പടിക്കുന്നത്.

ബസ്‌സ്റ്റാൻഡിൽ ആവശ്യത്തിന് ലൈറ്റുകൾ സ്ഥാപിക്കാത്തതിനാൽ രാത്രിയിൽ പരിസരം പൂർണമായും ഇരുട്ടിലാണ്.
രണ്ടുമാസം മുൻപ് തെരുവ് നായയുടെ ആക്രമണത്തിൽ മേപ്പാടിയിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. തെരുവ് ശല്യം തുടരുമ്പോഴും യാതൊരുവിധ നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലന്ന നാട്ടുകാരുടെ പരാതിയും ശക്തമാണ്.