4
ബി.ഇ.എം ഗേൾസ് എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസിലെത്തിയ കുട്ടി വീട്ടുകാരെ കാണാതെ വിതുമ്പിയപ്പോൾ ആശ്വസിപ്പിക്കുന്ന സഹപാഠി.

ജില്ലയിൽ 18752 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടി

കോഴിക്കോട്: പല നിറത്തിലുള്ള ബലൂണുകളും റിബണുകളുമായി അലങ്കരിച്ച സ്കൂളുകളിലേക്ക് നിറചിരികളുമായി വിദ്യാർത്ഥികൾ എത്തി. കളിയും കാര്യവുമായി ഉത്സവാന്തരീക്ഷത്തിൽ പഠനത്തിന്റെ പടവ് ചവിട്ടി വിദ്യാർത്ഥികൾ. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം നടന്ന വർണാഭമായ പ്രവേശനോത്സവം കുട്ടികൾക്ക് ആവേശമായി. കുരുന്നുകളെ മധുരം നൽകി അദ്ധ്യാപകർ വരവേറ്റു. ആഘോഷം കൊഴുപ്പിക്കാൻ ഒപ്പനയും കളരിപ്പയറ്റും കോൽക്കളിയും പാട്ടും നൃത്തവുമെല്ലാം ജില്ലയിലെ സ്കൂളുകളിൽ ഒരുക്കിയിരുന്നു. ജില്ലയിൽ 18752 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടയിത്. 4771 കുട്ടികൾ സർക്കാർ സ്‌കൂളുകളിലും, 12656 കുട്ടികൾ എയ്ഡഡ് സ്‌കൂളുകളിലും 1325 കുട്ടികൾ അൺഎയ്ഡഡ് സ്‌കൂളുകളിലുമാണ് പ്രവേശനം നേടിയത്. ജില്ലയിൽ ആകെയുള്ള 1270 വിദ്യാലയങ്ങളിൽ 362767 കുട്ടികളാണ് പുതിയ അദ്ധ്യായന വർഷത്തിലേക്ക് കടന്നത്.

റവന്യൂ ജില്ലാ സ്‌കൂൾ പ്രവേശനോത്സവം കച്ചേരിക്കുന്ന് ഗവ. എൽ.പി സ്‌കൂളിൽ ടൂറിസം പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

പാഠപുസ്തകങ്ങളിൽ നിന്നും നേടുന്നതു മാത്രമല്ല, കളിയും ചിരിയും വായനയും നിരീക്ഷണവുമെല്ലാം ചേർന്നതാവണം വിദ്യാഭ്യാസമെന്ന് മന്ത്രി പറഞ്ഞു. തുറമുഖ മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിശിഷ്ടാതിഥിയായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി. രേഖ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിമല, വാർഡ് കൗൺസിലർമാരായ ഓമന മധു, ഈസ അഹമ്മദ്, ഡി.ഐ.ഇ.ടി. കോഴിക്കോട് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, മുൻ ഡി.ഡി.ഇ. ആന്റ് കരിക്കുലം കമ്മിറ്റി മെമ്പർ വി.പി. മിനി, കോഴിക്കോട് സിറ്റി എ.ഇ.ഒ. എം. ജയകൃഷ്ണൻ, ബി.പി.സി.യു.ആർ.സി. സൗത്ത് വി. പ്രവീൺ കുമാർ, പി.ടി.എ. പ്രസിഡന്റ് എൻ. പ്രസാദ്, എസ്.എം.സി ചെയർമാൻ കെ. സുധേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എസ്.എസ്.കെ. ജില്ലാ കോ ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം സ്വാഗതവും പ്രധാനാദ്ധ്യാപകൻ കെ.കെ. സൈനുദ്ദീൻ നന്ദിയും പറഞ്ഞു.