നാദാപുരം: നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ഉമ്മത്തൂർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുടവന്തേരി താഴെകണ്ടത്തിൽ അലിയുടെയും സൈനബയുടെയും മകൻ മിസ്ഹബിനെ (13) കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് മിസ്ഹബും കൂട്ടുകാരും ഉമ്മത്തൂർ പുഴയിൽ ഇറങ്ങിയത്. കുളിക്കുന്നതിനിടെ മിസ്ഹബും മുഹമ്മദും ഒഴുക്കിൽ പെടുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളമുണ്ടാക്കിയതോടെ ഓടിക്കൂടിയ നാട്ടുകാർ മുഹമ്മദിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒഴുക്കിൽപെട്ട മിസ്ഹബിനായി നാട്ടുകാരും അഗ്നിശമന സേനയും മുങ്ങൽ വിദഗ്ദ്ധരും പുഴയിൽ തിരച്ചിൽ തുടരുകയാണ്.
ശക്തമായ അടിയൊഴുക്കും കലങ്ങിയ വെള്ളവും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്.
മഴക്കാലത്തിന് മുന്നോടിയായി ചെളിനീക്കി ആഴം കൂട്ടിയതും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയുമാണ് അ പകട സാദ്ധ്യത കൂട്ടിയത്. ദേശീയ ദുരന്ത നിവാരണ സേന, കേരള ഫയർ ആന്റ് റെസ്‌ക്യൂ സ്‌കൂ ബാ ടീം, ജനകീയ ദുരന്ത നിവാരണ സേനാ പ്രവർത്തകർ, ജില്ലയിലെയും പുറത്തേയും മുങ്ങൽ വിദഗ്ദ്ധർ അടങ്ങുന്ന സംഘങ്ങൾ, കടലുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന മുങ്ങൽ വിദഗ്ദ്ധർ തുടങ്ങി നൂറുകണക്കിനാളുകളാണ് ആധുനിക സംവിധാനങ്ങളോടെ തിരച്ചിൽ നടത്തുന്നത്. രക്ഷാ ദൗത്യസംവിധാനങ്ങളുള്ള ബോട്ടുകൾ, അണ്ടർ വാട്ടർ കാമറകൾ എന്നിവയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പുഴയുടെ താഴെ ഭാഗത്ത് കിലോമീറ്ററുകളോളം ദൂരത്തിൽ ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. പുഴയ്ക്ക് കുറുകെ വലകെട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രക്ഷാദൗത്യം ഏകോപിപ്പിക്കാനായി ജനപ്രതിനിധികൾ, പൊലീസ് ഉന്നത ഉദ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കൊച്ചിയിൽ നിന്നുള്ള നാവിക സേനയുടെ രക്ഷാദൗത്യ സംഘം ഇന്ന് സ്ഥലത്തെത്തും.

അതെസമയം മരിച്ച മുഹമ്മദിന്റെ മൃതദേഹം പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കബറടക്കി.