kunnamangalam-news
പൂനൂർ പുഴയുടെ പടനിലം ഭാഗത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നടപ്പിലാക്കുന്ന കയർ ഭൂ വസ്ത്രം സ്ഥാപിക്കൽ പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കയര്‍ ഭൂവസ്ത്രം വിരിക്കുന്നു. പി.ടി.എ റഹീം എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉള്‍പ്പെട്ട പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്. രാമച്ചം, ബാംബു, മാവിന്‍ തൈകള്‍ തുടങ്ങിയവ വെച്ച് പിടിപ്പിച്ച് പുഴയുടെ സംരക്ഷണവും സൗന്ദര്യവത്കരണവും ഉറപ്പുവരുത്തുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത്, കയര്‍ വികസന വകുപ്പ്, എന്‍.ആര്‍.ഇ.ജി.എസ് എന്നിവ സഹകരിച്ചാണ് പ്രവൃത്തി നടത്തുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വി.അനില്‍കുമാര്‍, ബ്ലോക്ക് ക്ഷേകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ യു.സി ബുഷ്റ, ശബ്ന റഷീദ്, മെമ്പര്‍മാരായ എം ധര്‍മ്മരത്നന്‍, സജിത ഷാജി, ജോയന്‍റ് ബി.ഡി.ഒ കെ രാജീവ്, കയര്‍ വികസന വകുപ്പ് ഇന്‍സ്പെക്ടര്‍ പി.വി പ്രമോദ്, തൊഴിലുറപ്പ് പദ്ധതി അസി.എജിനീയര്‍ എന്‍.പി ദാനിഷ്, കെ ശ്രീധരന്‍, സുധീഷ് പുല്‍ക്കുന്നുമ്മല്‍, വി അബൂബക്കര്‍, ശശി ആരാമ്പ്രം, വി.റീന എന്നിവർ പ്രസംഗിച്ചു.

മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ എന്നിവയിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന വസ്ത്റമാണ് കയർ ഭൂവസ്ത്റം. കുളങ്ങൾ, തോടുകൾ, വരമ്പുകൾ, കുന്നിൻ ചെരിവുകൾ തുടങ്ങിയവയുടെ മണ്ണിടിച്ചിൽ സാധ്യതയുള്ള വശങ്ങളിൽ കയർഭൂവസ്ത്റം വിരിച്ചു അതിനുമുകളിൽ ചെടികൾ നട്ടുപിടിപ്പിക്കുന്നു. വേനൽകാലത്തും കയർ ഭൂവസ്ത്റത്തിൽ തണുപ്പ് നിലനിൽക്കുന്നതിലൂടെ മണ്ണൊലിപ്പ് തടയാൻ സാധിക്കും കാലക്റമേണ കയർ മണ്ണിൽ അലിഞ്ഞു ചേരുകയും അതിനുമുകളിൽ നട്ടുപിടിപ്പിച്ച ചെടികൾ ഭൂമിക്ക് ആവരണമായി മാറുകയും ചെയ്യുന്നതാണ് രീതി.