കൊയിലാണ്ടി: കൊവിഡിൽ നിറുത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിച്ചപ്പോഴും ചേമഞ്ചേരി റെയിൽവേ സ്റ്റേഷനോട് കടുത്ത അവഗണന. കൊവിഡ‌് സമയത്ത് ഇവിടുത്തെ പാസഞ്ചർ ട്രെയിനുകളുടെ സ്‌റ്റോപ്പ് നിറുത്തലാക്കിയിരുന്നു. കൊയിലാണ്ടി സ്റ്റേഷൻ കഴിഞ്ഞുള്ള ഇരിങ്ങൽ ഹാൾട്ട്‌ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനരാരംഭിച്ചെങ്കിലും നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന ചേമഞ്ചേരിയെ പരിഗണിക്കാത്ത സ്ഥിതിയാണ്.

കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ എലത്തൂർ കഴിഞ്ഞാൽ ലോക്കൽ വണ്ടികൾ നിർത്തിയിരുന്ന ഏക സ്റ്റേഷനാണിത്. നേരത്തെ ഇവിടെ 8 തവണ പാസഞ്ചർ ട്രെയിനുകൾ നിറുത്തിയിരുന്നു.

ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകൾ കൂടാതെ ഉള്ളിയേരി, അത്തോളി തുടങ്ങിയ ഇടങ്ങളിലെ

നിരവധി യാത്രക്കാരാണ് ഈ സ്റ്റേഷനിൽ നിന്ന് കോഴിക്കോട്ടേക്ക് സീസൺ ടിക്കറ്റിൽ യാത്ര ചെയ്തു കൊണ്ടിരുന്നത്. സ്റ്രേഷൻ പുനരാരംഭിക്കാത്തത് മൂലം ഇപ്പോൾ ഇവർ കൊയിലാണ്ടിയിലെത്തി മണിക്കൂറുകൾ യാത്ര ചെയ്താണ് കോഴിക്കോടെത്തുന്നത്. കോളേജുകളും സ്‌കൂളും തുറന്നതോടെ കുട്ടികൾക്കും സ്റ്റോപ്പ് നിറുത്തിയത് വലിയ തിരിച്ചടിയായിരിക്കുകയാണ്. കൊവിഡിനെ തുടർന്നുള്ള അടച്ചിടലിന്‌ ശേഷം ഒരു തീവണ്ടിയും നിർത്താത്ത, ടിക്കറ്റ് വില്പനയില്ലാത്ത സ്‌റ്റേഷനായി ചേമഞ്ചേരി മാറിയിരിക്കുകയാണ്.

പല തവണ ചേമഞ്ചേരിയിലെ സ്റ്റോപ്പ് നിറുത്തലാക്കിയിരുന്നെങ്കിലും വലിയ എതിരപ്പിനെ തുടർന്ന് ഡി.ആർ.എം പിന്തിരിയുകയായിരുന്നു. ആദർശ് സ്റ്റേഷനായി ഉയർത്തിയ വെള്ളറക്കാട്ടും പാസഞ്ചർ വണ്ടികൾ നിറുത്തുന്നത് പുനസ്ഥാപിച്ചിട്ടില്ല. സ്റ്റോപ്പ് പുനരാരംഭിക്കണമെന്നാ വശ്യപ്പെട്ട് സമരത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.

ചേമഞ്ചേരിയിലും വെള്ളറക്കാട്ടും പാസഞ്ചർ ട്രെയിനുകൾ നിറുത്തണമെന്നാവശ്യപ്പെട്ട് എം.പി. ഡി.ആർ എം ന് കത്തെഴുതിയിട്ടുണ്ട്- കെ.മുരളീധരൻ എം.പി