സുൽത്താൻ ബത്തേരി: നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാത കേരള സർക്കാർ അട്ടിമറിക്കുന്നതിനെതിരെ നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി പ്രക്ഷോഭം ശക്തമാക്കും. കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള റെയിൽ യാത്രാ സമയത്തിൽ ആറ് മണിക്കൂറും മൈസൂരിലേക്ക് 9 മണിക്കൂറും കുറയ്ക്കുന്ന പാത സംയുക്ത സംരംഭമായി നിർമ്മിക്കാൻ കേരള സർക്കാർ തീരുമാനമെടുക്കുകയും 2015 ലെ സംസ്ഥാന ബഡ്ജറ്റിൽ വിഹിതം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2016 റെയിൽവേ ബഡ്ജറ്റിൽ കേന്ദ്ര അനുമതി ലഭിക്കുകയും കേന്ദ്രസർക്കാർ സംയുക്ത സംരംഭമായി നടപ്പാക്കുന്ന 30 പദ്ധതികളിലും, പിങ്ക് ബുക്കിലും ഉൾപ്പെടുത്തുകയും 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിക്കുകയും ചെയ്തു. കേരളസർക്കാർ കേന്ദ്രസർക്കാരുമായി സംയുക്ത നിർമാണ കരാർ ഒപ്പുവെക്കുകയും ഡിപിആറും ഫൈനൽ ലൊക്കേഷൻ സർവേയും നടത്താൻ 8 കോടി രൂപ അനുവദിക്കുകയും അതിനായി ഡിഎംആർസിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്.
എന്നാൽ ഒരു ലോബിയുടെ സമ്മർദഫലമായി കേരള സർക്കാർ തലശ്ശേരി മൈസൂർ റെയിൽ പാതയിൽ അമിത താല്പര്യം എടുക്കുകയും നിലമ്പൂർ പാതയുടെ സർവേ സ്തംഭിപ്പിക്കുകയും ചെയ്തു. മുമ്പ് ആറു തവണ സർവേ നടത്തി പ്രായോഗികമല്ലെന്ന് കണ്ടെത്തിയ തലശ്ശേരി മൈസൂർ റെയിൽപാതയ്ക്ക് വേണ്ടിയാണ് ഒരു ലോബി കേരള സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചത്. തലശ്ശേരി മൈസൂർ പാതയ്ക്ക്‌വേണ്ടി കേന്ദ്ര അനുമതി പോലും ലഭിക്കാതെ കോടിക്കണക്കിനു രൂപ മുടക്കി സ്വകാര്യ ഏജൻസികളെ കൊണ്ട് സർവേ നടത്തിയെങ്കിലും അത് പൂർത്തീകരിക്കാനായില്ല .
കേരള സർക്കാറിന്റെ പിടിവാശിയും പക്ഷപാതവുമാണ് നിലമ്പൂർ-നഞ്ചൻകോട് പാതയുടെ പ്രവൃത്തി തുടങ്ങാൻ സാധിക്കാത്തതിന് കാരണം.
കേന്ദ്രാനുമതി ലഭിച്ച റെയിൽ പദ്ധതി അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റികൾ യോജിച്ച പ്രക്ഷോഭം ആരംഭിക്കും. 4ന് ശനിയാഴ്ച്ച രാവിലെ 10.30 മുതൽ കോഴിക്കോട് കിഡ്സൺ കോർണറിൽ ജനകീയ പ്രതിഷേധ ധർണ നടത്തും. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. .