പുൽപ്പള്ളി: വനം വകുപ്പിന് കീഴിലുള്ള പാമ്പ്ര എസ്റ്റേറ്റിൽ ആദിവാസികൾ ആരംഭിച്ച ഭൂസമരം ശക്തമാകുന്നു. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആദിവാസി കുടുംബങ്ങൾ കുടിൽ കെട്ടി താമസം തുടങ്ങുകയാണ്. നിലവിൽ 200 ൽ ഏറെ കുടുംബങ്ങൾ നിക്ഷിപ്ത വനഭൂമിയിൽ സമരരംഗത്തുണ്ട്.
ആദിവാസി ഗോത്രസഭ, ഇരുളം ഭൂസമരസമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത 90 കുടുംബങ്ങളും മറ്റ് ആദിവാസി കുടുംബങ്ങളുമടക്കം ഇവിടെ തമ്പടിച്ചിട്ടുണ്ട്.
മുമ്പ് പട്ടയം ലഭിച്ച പലർക്കും വാസയോഗ്യമായ ഭൂമിയല്ല നൽകിയതെന്നും ഒട്ടേറെ പേർക്ക് ഭൂമി ലഭിക്കാനുണ്ടെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.
98 ഹെക്ടർ ഭൂമിയാണ് പാമ്പ്രയിലുള്ളത്. ഇതിൽ നല്ലൊരു പങ്ക് മുമ്പ് ഇവിടെ തൊഴിലെടുത്തിരുന്നവരടക്കം കൈവശപ്പെടുത്തി വരുമാനമെടുക്കുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു. മുത്തങ്ങയിൽ നിന്നു കുടിയിറക്കപ്പെട്ടവർക്ക് മുൻഗണന നൽകി പുനരധിവാസ പദ്ധതി പുനരാരംഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ദിവസങ്ങൾ കഴിയുന്തോറും തോട്ടത്തിൽ കൂടുതൽ ആദിവാസി കുടുംബങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. സമീപത്തെ കോളനികളിൽ നിന്നുമുള്ളവരും ഇവിടെ എത്തിയിട്ടുണ്ട്. രാത്രിയിലും ഇവർ ഇവിടെ തന്നെയാണ് തങ്ങുന്നത്.
സമരം വരും ദിവസങ്ങളിൽ ശക്തിപ്പെടുത്താനാണ് തീരുമാനം. ഗോത്രമഹാസഭ കോ-ഓർഡിനേറ്റർ എം.ഗീതാനന്ദൻ, ഇരുളം ഭൂസമര സമിതി നേതാക്കളായ ബി.വി.ബോളൻ, എ.ചന്തുണ്ണി തുടങ്ങിയവർ സ്ഥലത്തുണ്ട്. വനപാലകരും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.