പുൽപ്പള്ളി: ഭൂരഹിതരായ ആദിവാസികൾ തല ചായ്ക്കുന്നതിനായി നിക്ഷിപ്ത വനഭൂമി കൈയ്യേറി സമരം തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞിട്ടും ഈ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കാൻ നടപടിയില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സർക്കാറിന് ലഭിക്കാത്തതാണ് സമരകേന്ദ്രങ്ങളിലെ ഭൂമി തിട്ടപ്പെടുത്തി കൈവശരേഖ നൽകുന്നതിന് തടസ്സം.
സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം ആരംഭിച്ചത്. പിന്നീട് ആദിവാസി കോൺഗ്രസ്, ആദിവാസി സംഘം, ആദിവാസി ഫോറം, തുടങ്ങിയവയും സമരവുമായി രംഗത്ത് വന്നു. ചീയമ്പം, ഇരുളം മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയൽ, ചുണ്ടേൽ, ആനപ്പാറ, കുന്നംപറ്റ, പൂത്തക്കൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം.
600 ഏക്കർ വനഭൂമിയാണ് സമരക്കാരുടെ കൈവശമുള്ളത്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2012 ൽ 1237 കുടിലുകൾ വനപാലകർ പൊളിച്ച് നീക്കി. 826 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ച മുറയ്ക്ക് സമരകേന്ദ്രങ്ങളിൽ തിരിച്ചെത്തി. ഇവർക്കെതിരായ കേസ് സർക്കാർ ഉത്തരവിലൂടെ റദ്ദാക്കുകയും ചെയ്തു.
പിന്നീട് കൈയ്യേറ്റം ഒഴിപ്പിക്കാൻ വനം വകുപ്പും നീക്കം നടത്തിയില്ല. നിലവിൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഏറെ ദുരിതങ്ങൾക്ക് നടുവിലാണ്. തകർന്ന് വീഴാറായ കുടിലുകളിലാണ് ഇവരുടെ താമസം. മരച്ചില്ലകൾ വീണ് ഒട്ടേറെ കുടിലുകൾ തകർന്നു. വന്യമൃഗശല്യവും രൂക്ഷമാണ്. മിക്കവർക്കും പണിയുമില്ല.