കൽപ്പറ്റ: പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമർപ്പിക്കലും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും 4 ന് രാവിലെ 11.30 ന് നടക്കും. പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ എൻ ഊര് പദ്ധതി നാടിനായി സമർപ്പിക്കും. പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ടി.സിദ്ദിഖ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ഗോത്ര പാരമ്പര്യ പ്രദർശന മേള 'മഴക്കാഴ്ച' 4,5 തീയതികളിൽ നടക്കും. എക്സിബിഷൻ ഒ.ആർ കേളു എം.എൽ.എയും കുടുംബശ്രീ ട്രൈബൽ കഫ്റ്റീരിയ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ഗോത്ര തനത് ഭക്ഷ്യമേള, ഗോത്ര കലാരൂപ പ്രദർശനം, ഗോത്ര പുരാതന കാർഷിക വിള, ഉപകരണ പ്രദർശനം, ഗോത്ര മരുന്നുകൾ, ഗോത്ര തനത് ആവിക്കുളി, ഗോത്ര ഫോട്ടോഗ്രഫി പ്രദർശനം എന്നിവയും നടക്കും.

എൻ ഊര് സ്ഥാപക അംഗങ്ങളായ ഊരുമൂപ്പൻമാരെ ആദരിക്കും. രണ്ടു ദിവസങ്ങളിലും വിവിധ ഗോത്ര കലാപരിപാടികളും അരങ്ങേറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ എ.ഗീത, സബ് കളക്ടറും എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ ആർ.ശ്രീലക്ഷ്മി, ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ, കെ.സി.ഡബ്ല്യു.എഫ്.ബി വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ തുടങ്ങിയവർ സംസാരിക്കും.

പത്രസമ്മേളനത്തിൽ ആർ.ശ്രീലക്ഷ്മി, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, എൻ ഊര് സൊസൈറ്റി സെക്രട്ടറി വി.ബാലകൃഷ്ണൻ, സി.ഇ.ഒ ഇൻചാർജ് പി.എസ്.ശ്യാം പ്രസാദ് എന്നിവർ പങ്കെടുത്തു.


എൻ ഊര് ഗോത്ര പൈതൃക ഗ്രാമം

കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്‌ക്കാരവും സംരക്ഷിക്കുന്നതിനും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച സംരംഭമാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം. ഗോത്രജനതയ്ക്ക് സ്ഥിര വരുമാനവും ജീവിത അഭിവൃദ്ധിക്കും അവസരം ഒരുക്കുകയാണ് ലക്ഷ്യം.

*ഗോത്ര വിപണി

കരകൗശല വസ്തുക്കൾ, വനവിഭവങ്ങൾ, പരമ്പരാഗത തനത് കാർഷിക ഉത്പന്നങ്ങൾ, പച്ച മരുന്നുകൾ, മുള,ചൂരൽ ഉത്പന്നങ്ങൾ, ഔഷധ ചെടികൾ തുടങ്ങിയവ വിൽക്കുന്ന ഗോത്ര വിപണി തയ്യാറായിട്ടുണ്ട്.

*ഓപ്പൺ എയർ തിയേറ്റർ

എല്ലാ ദിവസവും സന്ദർശകർക്കായി ഓപ്പൺ എയർ തിയേറ്ററിൽ ഗോത്രകലാവതരണം നടക്കും

*ട്രൈബൽ കഫറ്റീരിയ

ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങൾക്കൊപ്പം ഇവിടെ സന്ദർശകർക്ക് പരിചയപ്പെടാം.

കുട്ടികളുടെ പാർക്ക്, ഹെറിറ്റേജ് വാക്ക്‌വേ, ഗോത്ര ജീവിതം വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം, കരകൗശല ഉൽപ്പന്നങ്ങളും പരമ്പരാഗത ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന പണിശാല തുടങ്ങിയവയും സജ്ജീകരിക്കുന്നുണ്ട്.