കോഴിക്കോട് : പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വിവിധ പദ്ധതികളും ചർച്ച ചെയ്യാൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. പ്രവാസി കാര്യസമിതി ചെയർമാൻ എ.സി. മൊയ്തീൻ യോഗത്തിൽ അദ്ധ്യക്ഷനായി. പ്രവാസികാര്യ വകുപ്പ്, പ്രവാസി ക്ഷേമ ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവ മുഖേന നടപ്പാക്കുന്ന പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. നോർക്ക റൂട്ട്‌സ് കോഴിക്കോട് മേഖലാ സെന്റർ മാനേജർ ടി. അനീഷ്, പ്രവാസി ക്ഷേമ ബോർഡ് കോഴിക്കോട് ഡി.ഇ.ഒ ടി.രാകേഷ് എന്നിവർ വിവിധ പദ്ധതികൾ വിശദീകരിച്ചു.
വായ്പാ, ചികിത്സാ, വിവാഹ, ധനസഹായ പദ്ധതികളുടെ യോഗ്യതാ മാനദണ്ഡങ്ങളും കാലാവധിയും സംബന്ധിച്ച പ്രവാസിസംഘടനാ പ്രതിനിധികളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും യോഗത്തിൽ മറുപടി നൽകി. norkaroots.org എന്ന വെബ്‌സൈറ്റിൽ നോർക്കറൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. പ്രവാസി ക്ഷേമ ബോർഡിന്റെ വിവിധ പദ്ധതികൾ, പെൻഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ pravasikerala.org യിലും ലഭ്യമാണ്.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പ്രവാസി കാര്യസമിതി അംഗങ്ങളായ കെ.എം. ഉണ്ണികൃഷ്ണൻ, ഡോ. മാത്യു കുഴൽനാടൻ, ഇ.ടി. ടൈസൺ മാസ്റ്റർ, ജോയിന്റ് സെക്രട്ടറി ലിമാ ഫ്രാൻസിസ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നുള്ള പ്രവാസി മലയാളി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.