കോഴിക്കോട്: മാനസിക രോഗാശുപത്രി സൂപ്രണ്ട് ഡോ. കെ.സി രമേശനെതിനെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാനസിക രോഗാശുപത്രിയിലെ ഡോക്‌ടർമാർ ഒ. പി ബഹിഷ്കരണ സമരം ആരംഭിച്ചു.

ഇതോടൊപ്പം കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കെ.ജി.എം.ഒ.എ യുടെ നേതൃത്യത്തിൽ ഇന്നലെ കരിദിനം ആചരിച്ചു. ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ നടന്നു.

ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ ജാഥയും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി .എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ. മുരളീധരൻ, ഡോ. വിപിൻ വർക്കി, ഡോ. അബ്ദുൾ സാദിഖ് എന്നിവർ പ്രസംഗിച്ചു. ഉടൻ അനുകൂല നടപടികളുണ്ടായില്ലെങ്കിൽ സമരം ജില്ലാതലത്തിലും സംസ്ഥാന തലത്തേക്കും വ്യാപിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ബീച്ചാശുപത്രിയിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന സമിതി അംഗം ഡോ. എൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. വിപിൻ വർക്കി, ഡോ. ബീന ഗോപാലകൃഷ്ണൻ, ഡോ. സി.ജെ മൈക്കിൾ , ട്രഷറർ ഡോ.എൻ എച്ച് ബബി എന്നിവർ പ്രസംഗിച്ചു. കോട്ടപ്പറമ്പ് ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഡോ. സുജാത എം, ഡോ. ലജിനി എം എന്നിവർ പ്രസംഗിച്ചു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടന്ന പ്രതിഷേധ ധർണ ഡോ. ഷീല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. സന്ധ്യ കുറുപ്പ് സംസാരിച്ചു. വടകര ജില്ലാ ആശുപത്രിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. എം കെ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.