കൽപ്പറ്റ: യാദവ സമുദായത്തിലുള്ള യുവാവ് അതേ സമുദായത്തിൽ തന്നെയുള്ള പെൺകുട്ടിയെ സമുദായത്തിന്റെ അനുവാദമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ഇരുവരുടെയും വീട്ടുകാർക്ക് ഭ്രഷ്ട് കൽപ്പിച്ചതായി ജില്ലാ ഭരണകൂടം മനുഷാവകാശ കമ്മീഷനെ അറിയിച്ചു. ഒരേ ഗോത്രത്തിൽപ്പെട്ടവരെ വിവാഹം കഴിക്കുന്നത് സാമുദായികമായി തെറ്റായതു കാരണമാണ് സമുദായ നേതാക്കൾ വീട്ടുകാർക്ക് വിലക്ക് കൽപ്പിച്ചതെന്നാണ് റിപ്പോർട്ട്.
എന്നാൽ ഭ്രഷ്ട് കേസ് വിവിധ കോടതികളുടെ പരിഗണനയിലായതിനാൽ മനുഷ്യാവകാശ കമ്മീഷനിൽ നിലവിലുള്ള പരാതി ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് തീർപ്പാക്കി.
മാനന്തവാടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകനാണ് യാദവ സമുദായത്തിലുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത്. മകന്റെ ഭാര്യയുടെ അമ്മ മരിച്ചപ്പോൾ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചില്ലെന്നും സമുദായ ശ്മശാനത്തിൽ അടക്കാൻ വിസമ്മതിക്കുകയാണെന്നും പരാതിയിൽ പറഞ്ഞു.
കമ്മീഷൻ മാനന്തവാടി സബ് കളക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. 2014 ലായിരുന്നു പരാതിക്കാരിയുടെ മകന്റെ വിവാഹം. സമുദായത്തിന്റെ സമ്മതമില്ലാത്ത പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സമുദായ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ പരാതിക്കാരിക്കും കുടുംബത്തിനും വിലക്കുണ്ട്. വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങുകളിലും കുടുംബം പങ്കെടുത്താൽ സമുദായ നേതാക്കളും ആചാര്യൻമാരും വിട്ടുനിൽക്കുമെന്ന് ഭീഷണിയുണ്ടെന്നും പരാതിക്കാർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരെ പൊതു ചടങ്ങുകളിൽ നിന്ന് വിലക്കിയാൽ അവർക്ക് മതിയായ സംരക്ഷണം നൽകാൻ മാനന്തവാടി സി.ഐ ക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഭ്രഷ്ടുമായി ബന്ധപ്പെട്ട് മാനന്തവാടി കോടതിയിൽ കേസ് നിലവിലുണ്ട്. പരാതിക്കാരി ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കാൻ കോടതി ഉത്തരവുകൾ ആവശ്യമാണെന്നും കളക്ടർ അറിയിച്ചു.
കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷന് നിയമപരമായ തടസമുണ്ടെന്ന് കെ.ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി.