5
അദ്ധ്യാപകർ

മുക്കം ഉപജില്ലയിലെ 8 വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാപകരില്ല

മുക്കം: വിദ്യാലയങ്ങളെല്ലാം ഹൈടെക്ക്,​ പഠിക്കാൻ വിദ്യാർത്ഥികളും റെഡി പക്ഷേ ‍പഠിപ്പിക്കേണ്ട അദ്ധ്യാപകർ മാത്രമില്ല. മിക്കവിദ്യാലയങ്ങളും നേരിടുന്ന മുഖ്യപ്രശ്നം അദ്ധ്യാപകക്ഷാമം. പ്രധാനാദ്ധ്യാപകരില്ലാത്തതും സ്ഥിരാദ്ധ്യാപകർ കുറവുള്ളതുമായ നിരവധി വിദ്യാലയങ്ങൾ മുക്കം ഉപജില്ലയിൽ തന്നെയുണ്ട്. എട്ട് വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യപകരില്ല. വിവിധ വിദ്യാലയങ്ങളിലായി നൂറോളം സ്ഥിരാദ്ധ്യാപകരുടെ കുറവുമുണ്ട്. കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റി, കഴുത്തൂട്ടിപുറായ, ചുള്ളിക്കാപറമ്പ്, മുക്കം നഗരസഭയിലെ താഴെക്കോട്, കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻ തോട്, കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എന്നീ ഗവ.എൽ.പി സ്കൂളുകളിലാണ് പ്രധാനാദ്ധ്യാപകരില്ലാത്തത്. ഓമശ്ശേരി പഞ്ചായത്തിലെ ചാത്ത.വെണ്ണക്കോട് ഗവ.എൽ.പിസ്കൂളിൽ പ്രധാനാദ്ധ്യാപകരും അദ്ധ്യാപകരുമില്ല. ഒരു അറബി അദ്ധ്യാപകനടക്കം ഏഴു പേരെ ഇപ്പോൾ ദിവസവേതടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ട്. ഇവിടത്തെ പ്രധാനാദ്ധ്യാപകന്റെ താത്കാലിക ചുമതല നൽകിയത് കൊടിയത്തൂർ ഗവ. യു.പി.സ്കൂളിലെ പ്രധാനദ്ധ്യാപകനാണ്. കൊടിയത്തൂരും ചാത്ത.വെണ്ണക്കോടും തമ്മിൽ 30 കിലോമീറ്ററിന്റെ ദൂരമു‍ണ്ട്. ഈ വിദ്യാലയം ഓമശേരി പഞ്ചായത്തിലും ട്രഷറി കൊടുവള്ളിയിലും ബി.ആർ.സി താമരശ്ശേരിയിലുമാണ്. മുക്കം ഉപജില്ലയിലെ നൂറിൽ താഴെ വിദ്യാർത്ഥികളുള്ള ഇരുപതോളം വിദ്യാലയങ്ങളിൽ ഒൻപതിലും പ്രധാനാദ്ധ്യാപകരുണ്ടായിരിക്കെ ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിക്ക് മറ്റൊരു വിദ്യാലയത്തിന്റെ അധിക ചുമതല നൽകിയതും തലതിരിഞ്ഞ നടപടി തന്നെ. ഉപജിലയിൽ 7 സ്കൂളുകളിൽ മുതിർന്ന അദ്ധ്യാപകർക്ക് പ്രധാനാദ്ധ്യാപകരുടെ ചുമതലയും വെണ്ണക്കോട് സ്കൂളിൽ മറ്റൊരു സ്കൂൾ പ്രധാനാദ്ധ്യാപകന് അധിക ചുമതലയും നൽകിയിട്ടുണ്ടെന്നും ജൂൺ 15 ഓടെ പ്രധാനാദ്ധ്യാപകരുടെ പ്രമോഷൻ ലിസ്റ്റ് വരുകയും ജൂൺ 30 ഓടെ എല്ലാ വിദ്യാലയങ്ങളിലും പ്രധാനാദ്ധ്യാപകർ എത്തുകയും ചെയ്യുമെന്നും മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഓംകാരനാഥൻ പറഞ്ഞു.