മേപ്പാടി : മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്തിന് ചുറ്റും മാലിന്യ കൂമ്പാരം. താഴേ അരപ്പറ്റ ഗ്രൗണ്ടിന് സമീപമാണ് മാലിന്യം പരന്നുകിടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇവിടെ നിന്ന് മാലിന്യം നീക്കം ചെയ്തിട്ടില്ല. ഭക്ഷണാവശിഷ്ടങ്ങളും മറ്റും മറ്റു സ്ഥലങ്ങളിൽ നിന്നു കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുകയാണ്. മാലിന്യങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്. മാലിന്യം നീക്കം ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രണ്ടുവർഷം മുമ്പാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്നതിനായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്. ആദ്യത്തെ ഏതാനും മാസങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൃത്യമായി ഇവിടെ നിക്ഷേപിച്ചിരുന്നു. എന്നാൽ പിന്നീട് ബോട്ടിൽ നിക്ഷേപിക്കുന്നതിന് പകരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ ബോട്ടിൽ ബൂത്തുകൾ ഉപയോഗശൂന്യമായിട്ടുണ്ട്.