പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും എതിർത്തും ഏഴ് പേർ വീതം വോട്ട് ചെയ്തതോടെ ഇടതു മുന്നണി തന്നെ ഭരണം തുടരും. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പതിനഞ്ച് അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും അംഗങ്ങളായിരുന്നു. സി.പി.ഐ യിലെ ഇ.ടി. രാധ പ്രസിഡന്റാവുകയും ചെയ്തു. 2022 ജനുവരി ആദ്യവാരത്തിൽ പ്രസിഡന്റ് അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും തുടർന്ന് വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ ചുമതലയേറ്റു. പ്രസിഡന്റ് അസുഖത്തെ തുടർന്ന് ദീർഘകാലം അവധിയിലുമായ സാഹചര്യത്തിൽ പഞ്ചായത്തിലെ കക്ഷിനില പതിനാല് ആവുകയായിരുന്നു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ഈ വർഷത്തെ ഗ്രാമസഭയും വികസന സെമിനാറും അംഗീകരിച്ച പദ്ധതികൾ യഥാസമയം നടപ്പിലാക്കിയില്ല. ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് വളം സബ്‌സിഡി, സുഫലം പദ്ധതി, തെങ്ങിന്‍ തൈ, തുടങ്ങി കൃഷിഭവന്‍ മുഖേന നടപ്പിലാക്കേണ്ടിയിരുന്ന ഒരു ആനുകൂല്യവും നടപ്പിലാക്കാൻ സാധിച്ചില്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ടെൻഡർ കഴിഞ്ഞതായുള്ള ഗ്രാമീണ റോഡുകളൂടെ മസ്റ്ററോൾ യഥാസമയം കൊടുക്കാൻ സാധിച്ചിട്ടില്ല തുടങ്ങിയവ ഉന്നയിച്ച് യു.ഡി.എഫിലെ 7 അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തുന്നതായുള്ള നോട്ടീസ് മേയ് 20 ന് സെക്രട്ടറിക്ക് നല്‍കുകയായിരുന്നു. പതിനൊന്നാം വാർഡ് അംഗം എൻ.ടി. ഷിജിത്താണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പ്രമേയം ചർച്ചക്കിടുകയും വോട്ടെടുപ്പ് നടത്തുകയുമായിരുന്നു.