news
കുറ്റ്യാടി വയനാട് റോഡിൽ തളീക്കരയിൽ കാണപെട്ടകുഴി

കുറ്റ്യാടി: വയനാട്, അന്തർ സംസ്ഥാന പാതയിലെ ചെറുതും വലുതുമായ കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. തളീക്കര, ദേവർക്കോവിൽ, കാഞ്ഞിരോളി പീടിക തുടങ്ങിയ ഭാഗങ്ങളിലാണ് റോഡിന്റെ മദ്ധ്യ, പാർശ്വഭാഗങ്ങളിൽ ടാറിംഗ് തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതു മൂലം നിരവധി യാത്രാപ്രശ്നങ്ങളാണ് യാത്രക്കാർ നേരിടുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടി കിടന്ന് ആഴം മനസിലാവാതെ ഓടി എത്തി കുഴിയിൽ വീഴുന്ന ഇരുചക്രവാഹനങ്ങൾ നിരവധിയാണ്. വേനലിൽ വലിയ വാഹനങ്ങളുടെ ടയറുകൾ കയറി ഇറങ്ങി കാൽനടയാത്രക്കാരുടെയും പരിസരത്തെ കടകളിലും കരിങ്കൽ ചീളുകൾ തെറിച്ച് വീഴുന്നതും സ്ഥിരം കാഴ്ചയാണ്. കുഴികൾക്ക് പുറമെ ടാറിംഗ് തകർന്ന പാതയോരങ്ങളിൽ വിള്ളൽ വീണു കിടക്കുന്നതും കാണാം. കുറ്റ്യാടി, തൊട്ടിൽ പാലം വയനാട് ചുരം റോഡ് വഴി കർണ്ണാടത്തിലേക്ക് ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണിത്. റോഡുകളുടെ മരാമത്ത് പണികൾക്കായി പലവിധ ഫണ്ടുകൾ നീക്കിവയ്ക്കുന്നുണ്ടെങ്കിലും ഏറെ അപകടം പിടിച്ച ഭാഗങ്ങളിൽ മരാമത്ത് പണികൾ നടക്കാത്തത് യാത്രക്കാർക്ക് തീരാ ദുരിതമാണുണ്ടാക്കുന്നത്.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സമ്പൂർണ്ണമായ മരാമത്ത് പണികൾ നടന്നിട്ട് വർഷങ്ങളായി. റോഡിന്റെ ഈ അവസ്ഥ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. കെ.കെ അശ്റഫ് -കായക്കൊടി ഗ്രാമപഞ്ചായത്ത് അംഗം