വൈത്തിരി: എൻ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെയും വയനാടിന്റെയും വികസനത്തിൽ നാഴിക കല്ലായി മാറുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. വൈത്തിരിയിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രത്യക്ഷമായും പരോക്ഷമായും നിരവധി കുടുംബങ്ങൾക്ക് തൊഴിൽ നൽകാൻ കഴിയുന്നതാണ് എൻ ഊര് സംരംഭം. ആദിവാസി മേഖലകളിൽ ചെലവഴിക്കുന്ന ഫണ്ടുകളുടെ വിനിയോഗം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. നിയോജക മണ്ഡല അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സമാജികരുടെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികളെക്കുറിച്ച് അവലോകനം നടത്തും. ഇത് സംബന്ധിച്ചുള്ള മാർഗ്ഗ രേഖ തയ്യാറായതായും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 500 ഉദ്യോഗാർത്ഥികളെ ആദ്യഘട്ടത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർമാരായി നിയോഗിക്കും. ഇതിൽ 200 പേരെ ഗോത്രവിഭാഗങ്ങളിൽ നിന്നാണ് നിയമിക്കുക. പഠനം കഴിഞ്ഞിട്ടും പ്രവൃത്തിപരിചയമില്ല എന്ന കാരണത്താൽ നിരവധി ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും. സർക്കാർ സ്ഥാപനങ്ങളിൽ നിന്നു തന്നെ പരിശീലനം പൂർത്തിയാക്കുന്നത് വഴി ഇവർക്ക് ജോലിയിലേക്കുള്ള പ്രവേശനം എളുപ്പമാകുമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.
ഗോത്രസാരഥി മുടങ്ങില്ല
ഗോത്ര വർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാലയത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും കോളനിയിൽ നിന്ന് വിദ്യാലയങ്ങളിലേക്കുള്ള യാത്ര ക്ലേശം പരിഹരിക്കുന്നതിനും തുടങ്ങിയ ഗോത്ര സാരഥി പദ്ധതി മുടങ്ങില്ലെന്ന മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വകയിരുത്തുന്നതുമായി ബന്ധപ്പെട്ട കാലതാമസമാണ് അദ്ധ്യയന വർഷം തുടക്കത്തിൽ തന്നെ ഗോത്ര സാരഥി പദ്ധതി തുടങ്ങാൻ സാധിക്കാതെ പോയത്. പദ്ധതിയുടെ നടത്തിപ്പ് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. താൽക്കാലികമായി തുടക്കത്തിലുള്ള ഫണ്ട് പട്ടികവർഗ്ഗ വികസന വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻകൂർ അനുവദിക്കും. പദ്ധതിക്കായി പണം വകയിരുത്തുന്ന മുറയ്ക്ക് ഈ തുക തദ്ദേശ സ്ഥാപനങ്ങൾ പട്ടികവർഗ്ഗ വികസന വകുപ്പിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഫണ്ട് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
കോളനികളിൽ സന്ദർശക വിലക്കില്
ആദിവാസി കോളനികളിൽ സന്ദർശകർക്ക് വിലക്ക് എന്ന സർക്കുലർ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഗോത്ര സമൂഹത്തിന്റെയും കോളനികളുടെയും സുരക്ഷ കണക്കിലെടുത്ത് സദുദ്ദേശപരമായാണ് സർക്കുലർ പുറത്തിറക്കിയത്. മാവോയിസ്റ്റുകൾ തുടങ്ങിയവരുടെ ഇടപെടലുകളിൽ നിന്ന് കോളനികളെ സംരക്ഷിക്കുകയും ഗോത്രജനതയുടെ സ്വൈര്യജീവിതത്തിന് വിഘാതമാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയുമാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യം. ഇതിനെ മറ്റു തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡാന്തരം ജനവരി മുതൽ മാർച്ച് വരെ 38 ലക്ഷത്തോളം അഭ്യന്തര സഞ്ചാരികളാണ് ഇവിടെയെത്തിയതെന്നും ഇത് കണക്കിലെടുത്ത് കൂടുതൽ പദ്ധതികൾക്കായുള്ള സാധ്യത പഠനം നടത്തുമെന്നും പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ്റിയാസ് പറഞ്ഞു. എൻ ഊര് രണ്ടാം ഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ടി.സിദ്ദിഖ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധി എം.പി യുടെ സന്ദേശം ചടങ്ങിൽ വായിച്ചു. മഴക്കാഴ്ച പ്രദർശന വിപണന ഭക്ഷ്യമേള ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, ജില്ലാ കളക്ടർ എ.ഗീത, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, സബ് കളക്ടർ ആർ.ശ്രീലക്ഷ്മി, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജീഷ്, എൻ.കെ. ജ്യോതിഷ്‌കുമാർ, എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.