കോഴിക്കോട് : സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിൽ ഏഴുതരം വനങ്ങൾ നട്ടുവളർത്തി പരിപാലിക്കുന്ന മഴവിൽ വനവത്കരണ പരിപാടിയുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി. ഉപസ്ഥാപനങ്ങളിലും വിവിധ പ്രദേശങ്ങളിലുമായി തുടക്കം കുറിക്കുന്ന വൃക്ഷവത്ക്കരണപദ്ധതി പരിസ്ഥിതിപരിപാലനം, നെറ്റ് സീറോ എമിഷൻ തുടങ്ങിയ മേഖലകളിൽ സൊസൈറ്റി നടപ്പാക്കാൻ ആലോചിക്കുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമാണ്.

ഹോട്ട് മിക്‌സ് പ്ലാന്റുകൾ ജൈവയിന്ധനത്തിലേക്കു മാറ്റുന്നതടക്കം സൊസൈറ്റി നടത്തിവരുന്ന നെറ്റ് സീറോ പദ്ധതികളുടെ തുടർച്ചയായ മഴവിൽ വനവത്ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോവളത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ രാവിലെ ഒമ്പതിന് നോർക്ക ഉപാദ്ധ്യക്ഷൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. അവിടെ തുടങ്ങാൻപോകുന്ന കളരി അക്കാഡമിയുടെ പരിസരത്തായി കളരിചികിത്സയ്ക്കു വേണ്ട ഔഷധസസ്യങ്ങളുടെ വനം നട്ടുവളർത്തും.

കോഴിക്കോട് യു.എൽ സൈബർ പാർക്കിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി രാവിലെ 9 30ന് ആദ്യവൃക്ഷത്തൈ നടും. യു.എൽ. കെയർ നായനാർ സദനം അങ്കണത്തിൽ രാവിലെ 10.30ന് സാഹിത്യകാരൻ വി.ആർ. സുധീഷ്, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച കെ.എസ്. വെങ്കിടാചലം, കോഴിക്കോട് മുൻ മേയർ അഡ്വ. സി.ജെ. റോബിൻ, മലബാർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. മിലി മോനി, നായനാർ ബാലികാസദനം പ്രസിഡന്റ് ഡോ. വി.വി. മോഹൻ ചന്ദ്രൻ, സെക്രട്ടറി പ്രൊഫ. സി.കെ. ഹരീന്ദ്രനാഥ്, യു.എൽ.സി.സി.എസ്. ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ. ജയരാജ് എന്നിവർ വിവിധ വൃക്ഷത്തൈകൾ നടും.

ഇരിങ്ങൽ സർഗലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഫലവൃക്ഷങ്ങളുടെ വനമാണ് ഒരുക്കുക. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്യും.

കൊല്ലം ചവറ ഐ.ഐ.ഐ.സി വളപ്പിൽ തദ്ദേശിയവൃക്ഷങ്ങളാണു വളർത്തുക. ഡയരക്ടകർ പ്രൊഫ. ഡോ ബി. സുനിൽ കുമാർ ആദ്യതൈ നടും. കോഴിക്കോട് യു.എൽ സൈബർ പാർക്ക്, തലപ്പാടി – ചെങ്കള പ്രൊജക്ട് സൈറ്റ്, സൊസൈറ്റിയുടെ തിരുവനന്തപുരത്തെ ഓഫീസ് എന്നിവിടങ്ങളാണു പരിസ്ഥിതിദിനത്തിൽ വൃക്ഷവത്ക്കരണം നടക്കുന്ന മറ്റു കേന്ദ്രങ്ങൾ.കോവളത്തെ ക്രാഫ്റ്റ് വില്ലേജിൽ പരിസ്ഥിതിക്കും കൈത്തറിക്കുമായി എൻവാഷൻ എന്ന പേരിൽ കുട്ടികളുടെ ഫാഷൻ ഷോയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബാലതാരം സ്‌നേഹ അനു ഉദ്ഘാടനം ചെയ്യും.