വടകര; ദേശീയ പാത വീതി കൂട്ടലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ജന പ്രതിനിധികൾ ദേശീയ പാത അതോറിറ്റി , പൊലീസ് , റവന്യൂ , കരാർ കമ്പനി പ്രതിനിധികൾ എന്നിവരുടെ യോഗമാണ് ഒരാഴ്ചക്കുള്ളിൽ വിളിച്ചു ചേർക്കുന്നത്. വടകരയിലെ വിവിധ ജംഗ്‌ഷനുകളിലെ സിഗ്നൽ സംവിധാനം അടക്കം മാറ്റി പാത വികസിപ്പിക്കുന്നത് പഴയ ബസ് സ്റ്റാൻഡ് അടക്കം ഗതാഗത കുരുക്ക് കാരണമാകുമെന്ന് ജന പ്രതിനിധികൾ യോഗത്തിൽ പറഞ്ഞതിനെത്തുടർന്നാണ് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ തീരുമാനിച്ചത്. സമിതി അംഗം പി.സുരേഷ് ബാബുവാണ് ഈ ആവശ്യം ഉന്നയിച്ചത്. കാലവർഷ കെടുതിയിൽ മലയോര മേഖലയിലും തീര പ്രദേശങ്ങളിലും ഉണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി തുടങ്ങിയതായി തഹസിൽദാർ കെ കെ പ്രസീത് കുമാർ പറഞ്ഞു. മിനി സിവിൽ സ്റ്റേഷനിലെ പണം അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരിയ സംഭവം ആവർത്തിക്കാതിരിക്കണമെന്നും ആവശ്യമുയർന്നു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി . ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം . വിമല, അംഗങ്ങളായ പി.പി നിഷ, കൂടത്തും കണ്ടി സുരേഷ്, സി .വി.എം. നജ്മ , സമിതി അംഗങ്ങളായ പുറന്തോടത്ത് സുകുമാരൻ , പി.സുരേഷ് ബാബു,പ്രദീപ് ചോമ്പാല , ബാബു ഒഞ്ചിയം, ടി.വി. ബാലകൃഷ്ണൻ , ടി.വി.ഗംഗാധരൻ ,പി .എ മുസ്തഫ,തഹസിൽദാർ കെ കെ പ്രസീത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു.