കുറ്റ്യാടി: മഴക്കാലമെത്തി, പകർച്ച വ്യാധികൾ തലപൊക്കി തുടങ്ങുന്ന സാഹചര്യത്തിൽ കുറ്റ്യാടി ഗവ.ആശുപത്രിയിൽ മതിയായ ഡോക്ടർമാരില്ലാത്തത് ആശങ്കയ്ക്കിടയാക്കുന്നു. കുറ്റ്യാടി ഹെൽത്ത് ബ്ലോക്കിന് കീഴിലെയും വയനാട് ജില്ലയിലെ നിരവിൽപുഴ ഭാഗങ്ങളിലേയും ആയിരക്കണക്കിന്ന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഡോക്ടറെ കാണാൻ കാലത്ത് ഒ.പി. ടിക്കറ്റെടുത്ത് വൈകീട്ട് വരെ നിൽക്കേണ്ട സ്ഥിതിയാണ്. നിലവിൽ ഒ.പി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരും കേഷ്യാലിറ്റിയിൽ ഒരു ഡോക്ടറുമാണ് രോഗികളെ പരിശോധിക്കുന്നത്. ഉച്ചയ്ക്ക് 1 ന് അവസാനിപ്പിക്കേണ്ട ഒ.പി രോഗികളുടെ തിരക്ക് മൂലം ഉച്ചയ്ക്ക് ശേഷം മൂന്ന് മണി നീളും. വൈറൽപനിയും ഡെങ്കിപ്പനിയും മറ്റ് അനുബന്ധ രോഗങ്ങളും മലയോര മേഖയിൽ വർദ്ധിച്ചിരിക്കുന്നതിനാൽ രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ എഴുനൂറോളം പേരാണ് പരിശോധനയ്ക്കായി എത്തിയത്.
ജലജന്യരോഗങ്ങൾക്ക് പുറമെ കൊവിഡ് തിരിച്ച് വരുന്നെന്ന വാർത്തകളും ജനങ്ങളെ പേടിപെടുത്തുമ്പോൾ താലൂക്ക് ആശുപത്രി ഒ.പി.വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ട സാഹചര്യമാണ്. പനി നിയന്ത്രണ വിധേയമാകുന്നത് വരെ എൻ.എച്ച്.എം ൽ നിന്നും ജനറൽ ഒ.പി യിലേക്ക് രണ്ട് ഡോക്ടർമാരെയും, ക്യാഷ്യാലിറ്റിൽ നിലവിലെ ഒരു ഡോക്ടറെ കൂടാതെ ഒരാളെ കൂടിയും അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.