കൽപ്പറ്റ: കേരള സ്‌കൂൾ വിദ്യാഭ്യാസ നിയമവും ചട്ടവും പരിഷ്‌കരിച്ചിട്ടും അദ്ധ്യാപക വിദ്യാർത്ഥി അനുപാതം ഏരിയ ഇന്റൻസീവ് സ്‌കൂളുകളിൽ (എ.ഐ.പി) നടപ്പാക്കാതെ ഇന്നും മാറ്റി നിർത്തുന്നു. കേന്ദ്ര-കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം അനിവാര്യമായും നടപ്പാക്കേണ്ടതാണെന്നും നിയമം മൂലം വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ടതാണെന്നും 2009 മുതൽ പ്രത്യേകം നിർദ്ദേശമുണ്ട്. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി.സ്‌കൂളുകളിൽ 1 മുതൽ 5 വരെ ഒരദ്ധ്യാപകന് ഒരുക്ലാസിൽ 30 കുട്ടികളും യു.പി.സ്‌കൂളുകളിൽ 6 മുതൽ 8 വരെ ഒരദ്ധ്യാപകന് ഒരുക്ലാസിൽ 35 കുട്ടികളും പാടുള്ളൂ. 9,10 ക്ലാസുകളിൽ ഒരദ്ധ്യാപകൻ 45 കുട്ടികളും വേണമെന്നാണ് നിയമം. എന്നാൽ സംസ്ഥാനത്തെ എ.ഐ.പി.സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ ഒരദ്ധ്യാപകൻ 45 കുട്ടികളെന്ന 1958 ലെ നിയമമാണ് ഇന്നും നടപ്പാക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ 1:30, 1:35 നിയമം മൂലം മാറ്റം വരുത്തിയിരിക്കുകയാണ്. എന്നാൽ എ.ഐ.പി സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശമാണിവിടെ വിദ്യാഭ്യാസ അധികാരികൾ നിഷേധിക്കുന്നത്. 1958 ൽ കേരള വിദ്യാഭ്യാസ ആക്ടും 1959 ൽചട്ടങ്ങളും രൂപീകരിച്ചു. സംസ്ഥാനത്തെ ഏരിയ ഇന്റൻസീവ് സ്‌കൂളുകളിൽ ഇന്നും നിയമം മാറിയതറിയാതെ 1958 ലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതമാണ് (1:45) ഇന്നും അംഗീകരിക്കുന്നത്. ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കൽ, വിദ്യാഭ്യാസ വികസനം, കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള ആശയ വിനിമയം ശക്തിപ്പെടുത്തൽ, ഓരോ കുട്ടിയെയും വ്യക്തിപരമായ ശ്രദ്ധ, നിരീക്ഷണം, നിരന്തര ശ്രദ്ധയിലൂടെ കുട്ടികളുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കൽ , വിശകലനവും മുല്ല്യനിർണയവും ശക്തിപ്പെടുത്തൽ, പുസ്തകങ്ങളും പഠന ഉൽപന്നങ്ങളും പരിശോധിക്കൽ, കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ ഒട്ടേറെ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടിയാണ് ദേശീയാടിസ്ഥാനത്തിൽ ക്ലാസ് മുറികളിൽ കുട്ടികളുടെ എണ്ണം കുറച്ചത്. ഇത് നിയമം മൂലം നടപ്പാക്കുകയും ചെയ്തു. സംസ്ഥാനത്തെ 32 എ.ഐ.പി.സ്‌കൂളുകൾക്കും, അവിടെ പഠിക്കുന്ന 9,100 കുട്ടികൾക്കും, പഠിപ്പിക്കുന്ന 340 അദ്ധ്യാപകർക്കും വിദ്യാഭ്യാസ അവകാശ നിയമ പ്രാകാരമുള്ള ആനുകൂല്ല്യങ്ങൾ നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുകൾ നിലനിൽക്കുകയാണ്. 2015 നവംബർ 11 മുൻകാല പ്രാബല്ല്യം നൽകി സ്‌കൂളുകൾക്ക് എയ്ഡഡ് പദവി അംഗീകരിച്ച് 2021 സെപ്തംബറിൽ ഉത്തരവ് നൽകിയെങ്കിലും തസ്തിക നിർണയത്തിനും നിയമനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളാണുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് എ.ഐ.പി.സ്‌കൂളുകൾ പ്രവർത്തിക്കുന്നത്.