കോഴിക്കോട്: നിരവധി വാഹന മോഷണക്കേസുകളിലെ പ്രതി പിടിയിൽ. പുളിക്കൽ സ്വദേശി
അജിത്തിനെയാണ് (21) കസബ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി പാളയത്ത് നിൽക്കവെ പൊലീസിനെ കണ്ട് ഭയന്ന് ഓടാൻ ശ്രമിക്കവെയാണ് പിടിയിലായത്. തുടർന്ന് ഇയാൾ കവർന്ന ബൈക്കുകൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, ബൈപ്പാസിൽ മെട്രോ കാർഡിയാക് സെന്റർ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തു. വാഹനങ്ങൾ വൈത്തിരി, പന്തീരാങ്കാവ് പൊലീസ് പരിധികളിൽ നിന്ന് കവർന്നതാണെന്ന് വ്യക്തമായി. കൂട്ടാളികളായി രണ്ടുപേർ കൂടിയുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അജിത്ത് പോക്‌സോ, മോഷണം ഉൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ്. കസബ എസ്.ഐ എസ്. അഭിഷേക്, സിവിൽ പൊലീസ് ഓഫിസർമാരായ വി.ഡി. മനോജ്, ദിപിൻ, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു, പ്രശാന്ത്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.