സുൽത്താൻ ബത്തേരി: സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീം കോടതിവിധി വനപരിസരങ്ങളിൽ താമസിക്കുന്ന പരമ്പരാഗത സമൂഹങ്ങൾ, ആദിവാസികൾ, കർഷകർ എന്നിവരുടെ ഉപജീവനത്തേയോ കാർഷികവൃത്തിയെയോ വികസനത്തേയോ ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കാത്തതും അവർക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.
സുപ്രീം കോടതി വിധിക്കെതിരെ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന കുടിയേറ്റ കർഷക സംഘടനകൾ ക്വാറി ഖനന മാഫിയകളുടെയും ടൂറിസം നിർമ്മാണ ലോബിയുടെയും വക്കാ ക്കളാണെന്ന് സമിതി ആരോപിച്ചു. ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകൾ, ചുവപ്പു ലിസ്റ്റിൽ പെട്ട രാസവ്യവസായങ്ങൾ, മരമില്ലുകൾ എന്നിവ മാത്രമെ നിരോധിച്ചിട്ടുള്ളൂ. മറ്റെല്ലാം നിയന്ത്രിക്കുക മാത്രമാണ് ചെയ്തത്. ലോല മേഖലയുടെ മാസ്റ്റർ പ്ലാൻ തെയ്യാറാക്കാൻ ജില്ലാ കലക്ടർ ചെയർമാനും എം.പി യും എം.എൽ.എയും ജനപ്രതിനിധികളും അടങ്ങിയ സ്വതന്ത്ര ബോഡിയെ നിയമിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു സംരക്ഷിത വനത്തിന്റെയും ലോല മേഖല പ്രഖ്യാപിക്കാത്തതിനാൽ 10 കിലോമീറ്റർ ലോല മേഖലയായി ഇപ്പോഴും നിലനിൽക്കുകയാണ്. ഇവിടങ്ങളിൽ ജനം ഒരു ബുദ്ധിമുട്ടും അനുഭവിക്കുന്നില്ല. വയനാടിന്റെ അതിരിലുള്ള ബന്ധിപ്പൂർ ടൈഗർ റിസർവ്വിന്റെ 10 കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായിട്ട് 12 വർഷമായി. യഥാർത്ഥ വസ്തുത ജനങ്ങളെ അറിയിക്കാൻ വനം വകുപ്പും സർക്കാറും തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
പി.എം.സുരേഷ് അദ്ധ്യക്ഷനായിരുന്നു. എൻ.ബാദുഷ, തോമസ് അമ്പലവയൽ, എം.ഗംഗാധരൻ, എം.വി.മനോജ്, സണ്ണി മരക്കടവ്, സി.എ.ഗോപാലകൃഷ്ണൻ, തച്ചമ്പത്ത് രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.