img20220606
ഓടത്തെരുവിൽസംസ്ഥാന പാതയൊടു ചേർന്ന കുന്ന് ഇടിച്ചു നിരത്തുന്നു

മുക്കം : പാറക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന കിഴക്കൻ മലയോര മേഖലയിൽ അനധികൃത ചെങ്കൽ ക്വാറികളും പ്രവർത്തിക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ.കൂടാതെ മേഖലയിൽ കുന്നിടിച്ച് മണ്ണെടുക്കുന്ന പ്രവൃത്തിയും ആരംഭിച്ചിരിക്കുകയാണ്. മല തുരക്കൽ ഇപ്രകാരം തുടരുകയാണെങ്കിൽ മല ഇല്ലാതാവുകയും മലയോരം തന്നെ ഇല്ലാതാകുമെന്ന ഭീതിയിലാണ് ജനങ്ങൾ.

കാലവർഷം ശക്തി പ്രാപിച്ച സന്ദർഭങ്ങളിലെല്ലാം ഉരുൾപൊട്ടലും മണ്ണിടിച്ചിലും സോയിൽ പൈപ്പിങും ഉണ്ടായ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിലാണ് ഭീതി ജനിപ്പിക്കും വിധം മണ്ണെടുപ്പും അനധികൃത ഖനനങ്ങളും തുടരുന്നത്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയോരത്ത് ഓടത്തെരുവിൽ അടുത്തനാളുകളിലാണ് ഒരു മല മുഴുവൻ ഇടിച്ചു നിരത്തി മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത്. കാരശ്ശേരി പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലാണ് വൻ തോതിൽ മണ്ണിടിക്കൽ തുടരുന്നത്. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കുന്നിടിക്കാൻ അനുമതി നൽകിയത് വൻ ദുരന്തത്തിന് കാരണമായേക്കുമെന്ന ഭയത്തിലാണ് പരിസരവാസികൾ. മാത്രമല്ല മൂന്നു വാഹനങ്ങളിൽ കൂടുതൽ ഒരേ സമയം ഉപയോഗിക്കരുതെന്നും റോഡിന് നാശനഷ്ടമുണ്ടാക്കരുതെന്നും മറ്റുമുള്ള നിബന്ധനയൊന്നും മണ്ണെടുക്കുന്നവർ പാലിക്കാറുമില്ല. ജൂൺ 20 വരെയാണ് മണ്ണെടുക്കാനുള്ള അനുമതി. ഇത്രയും ദിവസം കൊണ്ട് ഈ മല മുഴുവനായും തുരന്നെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മാത്രമല്ല കുമരനെല്ലൂർ, കക്കാട്, കൊടിയത്തൂർ വില്ലേജുകളിലെ മലമ്പ്രദേശങ്ങളിലും അനിയന്ത്രിത ഖനനങ്ങളും ഇടിച്ചുനിരത്തലും നടക്കുന്നുണ്ട്. മൈസൂർമല, പൈക്കാടൻ മല, കൊളക്കാടൻമല,ഊരാളികുന്ന്, തോട്ടക്കാട്, കറുത്തപറമ്പ്, നെല്ലിക്കാപറമ്പ്, തോട്ടുമുക്കം എന്നിവിടങ്ങളിലെല്ലാം ഭൂപരിഷ്കരണ നിയമങ്ങളും വ്യവസ്ഥകളും കാറ്റിൽപറത്തിയാണ് ഖനനം നടക്കുന്നത്. ജിയളോജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ പഠനം നടത്തി ദുരന്തസാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തുകയും ജില്ല ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്ത പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും. മലകളുടെ ചുറ്റും മുകളിലും വൻതോതിലുള്ള കരിങ്കൽ ഖനനവും ചെങ്കൽഖനനവുമാണ് നടക്കുന്നത്. തോട്ട ഭൂമി (പ്ലാൻേറഷൻ) എന്ന നിലയിൽ ഭൂപരിധി നിയമത്തിൽ നിന്ന് ഇളവു നേടിയ ഭൂമിയിലും ഖനനവും കെട്ടിട നിർമ്മാണങ്ങളും നടക്കുന്നുണ്ട്.