r0-ad
ഓർക്കാട്ടേരി കുന്നുമ്മക്കര റോഡിൽ സ്ലേബില്ലാത്ത അഴുക്കുചാൽ ,പുൽച്ചെടികൾ കൊണ്ട് മൂടിയ നിലയിൽ

വടകര: റോഡിന് ഇരുവശത്തുമായി നിർമ്മിച്ചിട്ടുള്ള അഴുക്കുചാൽ സ്ളാബിട്ട് മൂടാത്തത് അപകട ഭീഷണി ഉയർത്തുന്നു. വടകര ഉൾപ്രദേശങ്ങളായ വടകര നിന്നും കണ്ണൂർ എയർപോർട്ടിലേക്കു പോകുന്ന റോഡിൽ വൈക്കിലശ്ശേരി, കുന്നുമ്മക്കര, കാഞ്ഞിരക്കടവ് പാലം തുടങ്ങിയ ഭാഗങ്ങളിലെ അഴുക്കുചാലുകൾക്ക് മീതെ സ്ളാബുകളില്ലാത്തതാണ് കാൽനടയാത്രക്കാർക്കും വഴിയാത്രക്കാർക്കും ഒരു പോലെ അപകടക്കെണിയായി മാറിയത്.

ഇരുവശത്തു നിന്നും ഒരേസമയം വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാർ അഴുക്കുചാലിൽ വീഴാൻ സാദ്ധ്യത ഏറെയാണ്. അഴുക്കുചാലിനു മുകളിൽ പുല്ല് നിറഞ്ഞതിനാൽ പെട്ടെന്ന് തിരിച്ചറിയാത്തതും പ്രയാസകരമാണ്. അപകടങ്ങൾ ഏറെയും രാത്രിയിലാണ് സംഭവിക്കുന്നത്. പരിചിതരല്ലാത്ത യാത്രക്കാർ റോഡിന് അരിക് ചേർത്ത് വാഹനങ്ങൾ ഒതുക്കിയിടുമ്പോഴാണ് ആഴമേറിയ അഴുക്കുചാലിൽ ചക്രങ്ങൾ താഴുന്നത്. ഇരുടചക്രവാഹനങ്ങളാകുമ്പോൾ യാത്രക്കാർക്ക് പരിക്കും പതിവാണ്. സ്വയമേവ സംഭവിക്കുന്ന അപകടമായതിനാൽ അധികമാരും പരാതിപ്പെടാറില്ല.

അഴുക്ക് ചാലിന് മുകളിൽ സ്ളാബില്ലാത്തതിന് പുറമെ അപായ സൂചനകളൊന്നും ഇല്ലാത്തതുമാണ് അപകടം ഇരട്ടിപ്പിക്കുന്നത്. മഴക്കാലമാവുന്നതോടെ അഴുക്കുചാലുകളിൽ വീണുള്ള അപകടം വർദ്ധിക്കുമെന്ന് പരിസരവാസികൾ പറയുന്നു. സ്ലാബുകളില്ലെങ്കിലും സൂചന നൽകാൻ കൈവരിയെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.