വടകര: കരിമ്പനപാലം മുതൽ മുരാട്പാലം വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മോട്ടോർ എംബ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) താലൂക്ക് നേതൃത്വ യോഗം ആവശ്യപ്പെട്ടു. മണിക്കൂറുകളോളം ഗതാഗത കുരുക്കിൽപ്പെട്ട ബസുകൾ കൃത്യസമയത്തിന് സ്റ്റാൻഡിൽ എത്താൻ വേണ്ടി മത്സര ഓട്ടമാണ് ഓടുന്നത്. ഇത് പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്തുകയാണ്. സർക്കാരിന്റെ ഖജനാവിൽ പണം സ്വരൂപിക്കാൻ അനധികൃതമായി മോട്ടോർ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി ഉദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് കെ .എൻ .എ അമീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി എം. പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പറമ്പത്ത് ദാമോദരൻ, അജിത് പ്രസാദ്, രാജേഷ് കിണറ്റുകര, നാരായണ നഗരം പത്മനാഭൻ, എം.സി രാജീവൻ, അൻവർ കുരിയാടി, നെല്ലിക്കൽ പ്രേമൻ, ബാബു കണ്ണൂർ, ബി പ്രതീഷ്, എന്നിവർ പ്രസംഗിച്ചു. എ.കെ രാജൻ സ്വാഗതവും, വി.എം ബാബു നന്ദിയും പറഞ്ഞു.