കൽപ്പറ്റ: മുപ്പൈനാട് വാളത്തൂർ ചീരമുട്ടത്ത് 1.9207 ഹെക്ടർ സ്ഥലത്ത് ആരംഭിച്ച കരിങ്കൽ ക്വാറിക്ക് ലൈസൻസ് നൽകുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി മനുഷ്യാവകാശ കമ്മീഷൻ അംഗീകരിച്ചു. പഞ്ചായത്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന പരാതി കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് തീർപ്പാക്കി.

200 ഓളം കുടുംബങ്ങൾക്ക് കരിങ്കൽ ക്വാറി ഭീഷണിയാവുമെന്നാണ് മുപ്പൈനാട് ക്വാറി ആക്‌ഷൻ കമ്മിറ്റി കമ്മീഷനിൽ പരാതി സമർപ്പിച്ചത്. കമ്മീഷൻ വയനാട് ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. 2021 ജൂൺ 18 ന് മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു.

മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ ഉൾപ്പെടെയുള്ള ക്ലിയറൻസ് സഹിതമാണ് ഒ.ഡി.തോമസ് എന്നയാൾ ക്വാറി ലൈസൻസിന് അപേക്ഷ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021 മാർച്ച് 10 നുള്ള പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാൽ ആവശ്യമായ രേഖകൾ സഹിതം താൻ സമർപ്പിച്ച അപേക്ഷ നിരസിച്ചത് ഉടമ ചോദ്യം ചെയ്തു. തുടർന്ന് സർക്കാർ പ്ലീഡറിൽ നിന്ന് നിയമോപദേശം വാങ്ങി. നിയമാനുസൃത രേഖകൾ ഹാജരാക്കിയിട്ടും പൊതുജന പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ലൈസൻസ് അനുവദിക്കാതിരുന്നത് തെറ്റാണെന്നായിരുന്നു നിയമോപദേശം.

തുടർന്ന് 2021 മെയ് 18 ന് ലൈസൻസ് അനുവദിച്ചു. പിന്നീട് ആക്‌ഷൻ കൗൺസിലിൽ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ കേസ് തീർപ്പാക്കിയത്.