മടൂർ: മകളെ പോലെ സ്നേഹിച്ച മുത്തുവിനെ ചുണ്ടയ്ക്ക് എന്നെന്നേയ്ക്കുമായ് നഷ്ടപ്പെട്ടു. സ്വന്തം സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ആ അമ്മ പങ്ക് വെച്ചിരുന്നത് മുത്തു എന്ന കാട്ടുപന്നിയോടായിരുന്നു.
കുഞ്ഞായിരുന്നപ്പോൾ ചുണ്ടയുടെ തോളിൽ കിടന്നാണ് അവളുറങ്ങിയിരുന്നത്. മലയാളികൾ ഹൃദയത്തിലേറ്റെടുത്ത ആ അപൂർവ്വ സൗഹൃദ കഥയിലെ മുത്തു മരണത്തിന് കീഴടങ്ങി. മടൂരിലെ വീട്ടുമുറ്റത്ത് പകലുറങ്ങാൻ കിടന്ന മുത്തു പിന്നെ ഉണർന്നില്ല. പുറമേയ്ക്ക് കാഴ്ചയിൽ കുഴപ്പമില്ലായിരുന്നെങ്കിലും അകത്ത് രോഗമുണ്ടായിരുന്നു.
ഇവരുടെ സ്നേഹ ഗാഥ ലോകം ആദ്യമറിഞ്ഞത് 2020 ജൂലൈയിലെ കേരളകൗമുദി വാർത്തയിലൂടെയായിരുന്നു. വീട്ടിൽ വെക്കാനൊരു ചിത്രം വേണമെന്ന് പിന്നീട് കണ്ടപ്പോൾ അവർ പറഞ്ഞിരുന്നു. പക്ഷേ ചിത്രമെത്തിയപ്പോഴേയ്ക്കും ആ അമ്മയോടൊപ്പം മുത്തു ഇല്ലായിരുന്നു. എങ്കിലും ആ ചിത്രം വലിയൊരാശ്വാസമാണവർക്ക്, കണ്ണിമ ചിമ്മാതെ നോക്കാനും, തലോടാനും, സങ്കടങ്ങൾ പങ്ക് വെയ്ക്കാനും ...