lockel
പടം : പരാധീനതകളുടെ നടുവിലായ ഫറോക്ക് പോസ്റ്റോഫീസ് കെട്ടിടത്തിൽ ചോർച്ചയടയ്ക്കാൻ ടാർപ്പാളിൻ ഷീറ്റ് വിരിച്ചിരിക്കുന്നു.

ഫറോക്ക്: കോഴിക്കോട് പോസ്റ്റൽ ഡിവിഷനിലെ പ്രധാന സബ് പോസ്റ്റ് ഓഫീസായ ഫറോക്ക് പോസ്റ്റ് ഓഫീസ് പരാധീനതകളുടെ നടുവിലായിട്ട് കാലമേറെയായി. ബ്രിട്ടീഷ് ഭരണകാലത്തു നിർമ്മിച്ച കെട്ടിടത്തിന്റെ മേൽക്കൂര കാലവർഷമെത്തിയതോടെ ചോർന്നൊലിക്കുകയാണ്. മേൽക്കൂരയിലെ മേച്ചിലോടുകൾ കാലപ്പഴക്കത്തിൽ അകന്ന് പോയതാണ് ചോർച്ചയ്ക്ക് കാര‍ണം. കാലാകാലമായി നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താത് ആണ് പോസ്റ്റ് ഓഫീസിന്റെ നാശത്തിന് കാരണമായത്. ചോർച്ചയടയ്ക്കാൻ മേൽക്കൂരയുടെ മുകളിൽ താത്കാലികമായി ടാർപ്പാളിൻ ഷീറ്റ് വിരിച്ചിരിക്കുകയാണ്. മഴയത്ത് ചോർന്നൊലിക്കുന്നുണ്ടെങ്കിലും ഈ കെട്ടിടത്തിൽ ജീവൻ പണയം വെച്ച് 12 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ദുർഗതി കേൾക്കാൻ മാത്രം ആരുമില്ല. ഈ ജീവനക്കാർ ആവശ്യമായ വെള്ളപോലും ല‍ഭിക്കുന്നില്ല. പ്രാഥമികാവശ്യങ്ങൾക്കു പോലും പുറമേ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. കിണറുണ്ടെങ്കിലും വെള്ളം ഉപയോഗയോഗ്യമല്ല. കിണർ നന്നാക്കാനും നടപടിയില്ല. അടുത്തിടെ പോസ്റ്റ് ഓഫീസിൽ കള്ളൻ കയറിയ സംഭവവുമുണ്ടായി. മുൻ വാതിലിൽ ദുർബലമായതാണ് കള്ളനു സൗകര്യമായത്. പോസ്റ്റോഫീസിനും സെദീർ ആർക്കേഡ് ബിൽഡിംഗിനും ഇടയ്ക്കുള്ള സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. ഇതോടെ ഇവിടം ഇഴജന്തുക്കളുടെ താവളമാണ്. ഫറോക്ക് പോസ്റ്റോഫീസ് സൗകര്യപ്രദമാക്കുവാൻ തപാൽ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.