സുൽത്താൻ ബത്തേരി: വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയാക്കികൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് സംബന്ധിച്ച് പ്രധാനമന്ത്രിയേയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയേയും കണ്ട് ജനങ്ങളുടെ ആശങ്ക അറിയിക്കുമെന്ന് ബി.ജെ.പി ബത്തേരി മണ്ഡലം കമ്മറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവ് വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളെയും ചെറുതും വലുതുമായ പട്ടണങ്ങളെയും ഇല്ലാതാക്കും. കേരളത്തിൽ വയനാട് ജില്ലയെയാണ് കാര്യമായി ഇത് ബാധിക്കുക. സ്ഥലം എം.പി എന്ന നിലയ്ക്ക് പ്രശ്നത്തിൽ ഇടപെടേണ്ട രാഹുൽഗാന്ധി ഇതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയുകയോ വിഷയത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല.
വനമേഖലയുടെ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങൾ ബഫർസോണാക്കുന്നതുമായി ബന്ധപ്പെട്ട് 2004-ൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകിയതാണ്. എന്നാൽ ഇതിന് കൃത്യമായ ഒരു മറുപടി നൽകുകയോ കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേണ്ട നടപടികൾ സ്വീകരിക്കാനോ കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ തയ്യാറായില്ല. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ട്‌പോലും പ്രശ്നത്തെ ലാഘവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. കാര്യങ്ങൾ പറയാൻ ഇനിയെങ്കിലും സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പ്രശ്നവുമായി ബന്ധപ്പെട്ട് നാളെ ജില്ലയിലെത്തും. പ്രശ്നത്തിൽ ബി.ജെ.പി ജനങ്ങളോടൊപ്പം നിൽക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.പി.മധു, വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയൽ, നിയോജക മണ്ഡലം ഭാരവാഹികളായ എ.എസ്.കവിത, കെ.എൻ.സജികുമാർ, എം.എൻ. ലിലിൽകുമാർ, എൻ.ടി.രാജേഷ്, പി.കെ.ഹരി എന്നിവർ പറഞ്ഞു.

ബഫർ സോൺ: സർവ്വ കക്ഷിയോഗത്തിൽ പ്രതിഷേധം അലയടിച്ചു
സുൽത്താൻ ബത്തേരി : സംരക്ഷിത വനഭൂമിയോട് ചേർന്ന ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ബത്തേരിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പ്രതിഷേധം അലയടിച്ചു. പതിറ്റാണ്ടുകളായി കഴിഞ്ഞുവരുന്ന പ്രദേശത്തെ ജനങ്ങളുടെ സ്വതാന്ത്ര്യം നിഷേധിപ്പെടുകയും അധികാര അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്നതാണ് ബഫർ സോൺ ഉത്തരവിലൂടെ ജനങ്ങൾക്ക് നേരിടേണ്ടിവരികയെന്ന് സർവ്വകക്ഷി യോഗത്തിൽ അഭിപ്രായമുയർന്നു.
ഉത്തരവ് നടപ്പിലായാൽ ബത്തേരി പട്ടണം തന്നെ ഇല്ലാതാകും. നൂൽപ്പുഴ, തിരുനെല്ലി പഞ്ചായത്തുകളെ പൂർണമായും ജില്ലയിലെ മറ്റ് പഞ്ചായത്തുകളെ ഭാഗികമായും ബാധിക്കുന്നതിനാൽ വയനാടിന്റെ വികസനം മുരടിക്കും. ജനങ്ങളെ ഒന്നങ്കം ബാധിക്കുന്ന പ്രശ്നമായതിനാൽ സർക്കാർ പ്രശ്നത്തിൽ ഗൗരവമായി ഇടപെടണം. പ്രത്യേക നിയമസഭ വിളിച്ചുചേർത്ത് പ്രശ്നം ചർച്ച ചെയ്ത് അടിയന്തിര നിയമ നടപടിസ്വീകരിക്കണം.
ജനങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമായതിനാൽ കക്ഷിരാഷട്രീയം മറന്ന് ശക്തമായ പ്രക്ഷോഭ സമരങ്ങളുമായി എല്ലാവരും ഒറ്റക്കെട്ടായി മുന്നട്ടിറങ്ങാൻ യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഭാരവാഹികൾ തീരുമാനിച്ചു. ബഫർ സോൺ പ്രശ്നത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചില പരിസ്ഥിതി സംഘടനകളുടെ പ്രസ്താവനയെ കർഷക സംഘടന പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു.
തുടർ പ്രക്ഷോഭ സമരങ്ങളെപ്പറ്റി ആലോചിക്കുനന്നതിന് 16-ന് ഉച്ചക്ക് 2 മണിക്ക് മുനിസിപ്പൽ ടൗൺ ഹാളിൽ ബഹുജന കൺവെൻഷൻ ചേരാനും തീരുമാനിച്ചു.
നഗരസഭ ചെയർമാൻ ടി.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.ദേവസ്യ, പി.ആർ.ജയപ്രകാശ്, സതീഷ് പൂതിക്കാട്, പി.പി.അയൂബ്ബ്, വി.വി.ബേബി, എം.എൻ.ലിലിൽകുമാർ, ജേക്കബ്ബ്, ബത്തേരി, ശശിന്ദ്രൻ, സി.അബ്ദുൾഖാദർ, എ.സി.തോമസ്, എൽസി പൗലോസ്, ടോംജോസ് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ-സർവ്വ
സർവ്വ കക്ഷിയോഗത്തിൽ നഗരസഭ ചെയർമാൻ ടി.കെ.രമേശ് സംസാരിക്കുന്നു.


ബഫർസോൺ വിഷയത്തിൽ നഗരസഭ പ്രമേയം പാസാക്കി
സുൽത്താൻ ബത്തേരി : ജനവാസകേന്ദ്രങ്ങളെ ബഫർസോൺ പരിധിയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ബത്തേരി നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. കോടതി ഉത്തരവിൽ കൗൺസിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
സുപ്രീം കോടതി ഉത്തരവ് ബത്തേരി നഗരസഭയെ പ്രതികൂലമായി ബാധിക്കും. നഗരത്തിലെ വിവിധ ഓഫീസുകൾ സ്ഥാപനങ്ങൾ എന്നിവയുടെ നിലനിൽപ്പ് ഭീഷണിയിലാവും. ഇന്നത്തെ ബഫർ സോൺ നാളത്തെ റിസർവ്വ് ഫോറസ്റ്റായിരിക്കും. ബഫർസോണിന്റെ പരിധിയും നടപ്പിലാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മനുഷ്യനെ കുടിയൊഴിപ്പിക്കാൻ നിർബന്ധിതമാക്കുന്നതാണ്.
ജനജീവിതം പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നും നിലനിലുള്ള വനപ്രദേശത്തെ വനമായും, ജനവാസകേന്ദ്രങ്ങളെ ജനവാസ കേന്ദ്രമായും നിലനിർത്തികൊണ്ട് വയനാടിന്റെ വികസനം ഇല്ലാതാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.