കുറ്റ്യാടി: നാദാപുരം സംസ്ഥാന പാതയിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്തെ കെട്ടിടത്തിൽ കാൽനൂറ്റാണ്ടിന് മുമ്പ് ബംഗാളിൽ നിന്നും ആയൂർവേദ ചികിൽസകനായി എത്തിയ സച്ചിൻ സഹ ചികിത്സയ്ക്ക് ഒപ്പം മട്ടുപ്പാവിൽ നാനാ തരത്തിലുള്ള പച്ചക്കറികളും വിളയിക്കുകയാണ്. തക്കാളി, വെണ്ടയ്ക്ക, പച്ചമുളക്, വഴുതിന, മത്തൻ, പടവലം, ഇഞ്ചി, കാബേജ്, വെള്ളരി, പയർ തുടങ്ങിയവയ്ക്ക് പുറമെ വടക്കെ ഇന്ത്യക്കാരുടെ പുയി ശാഖ എന്നയിനവും നമുക്ക് ഇവിടെ കാണാം. പനിക്കൂർക്ക, തുളസി, വേപ്പ്, ആടലോടകം തുടങ്ങിയ നിരവധി ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്. പൂച്ചടികളിലും, കവറുകളിലും മണ്ണ് നിറച്ച് ജൈവവളം ചേർത്ത് ബംഗാൾ തനിമയിലാണ് കൃഷിരീതി. ചെടികൾക്ക് വെള്ളം നനയ്ക്കാൻ പ്രത്യേകമായി സിമന്റിൽ നിർമ്മിച്ച ജലസംഭരണിയിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. പൂർണ പിന്തുണയുമായി ഭാര്യ സുനിതയും മക്കളായ സജീവും സംഗീതയുമുണ്ട്. 22 വർഷമായി സാഹയും കുടുംബവും കേരളത്തിലെത്തിയിട്ട്. കുറ്റ്യാടിക്ക് അടുത്ത് സ്വന്തമായി വീട് നിർമ്മിച്ച് താമസിക്കാനൊരുങ്ങുകയാണ്. മക്കൾ രണ്ടു പേരും കുറ്റ്യാടിയിലെ വിദ്യാലയങ്ങളിലാണ് പഠനം നടത്തുന്നത്.