 
മിനി എം.സി.എഫുകൾ കാടുകയറി നശിക്കുന്നു
പേരാമ്പ്ര : മാലിന്യനിർമ്മാർജനത്തിനു വേണ്ടി സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ പല ഗ്രാമമേഖലകളിലും
അവതാളത്തിലായി. ലക്ഷക്കണക്കിന് രൂപ വകയിരുത്തിയാണ് പ്രധാന കേന്ദ്രങ്ങളിൽ മിനി എം.സി.എഫ് ഓരോ തദ്ദേശ സ്ഥാപനവും സ്ഥാപിച്ചിരിക്കുന്നത് .എന്നാൽ ഇവയിൽ
പലതും മാലിന്യം നിക്ഷേപിക്കാൻ കഴിയാത്ത തരത്തിലുള്ളതാണെന്നും പലേടത്തും ഇവ കാടുകയറിയതായും ആക്ഷേപമുണ്ട്. കാലവർഷം നേരത്തെയെത്തിയതിനാൽ പലമേഖലയിലും ശുചീകരണ പ്രവർത്തനങ്ങൾ താളംതെറ്റിയ നിലയിലാണ്. ജൈവ ,അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ തദ്ദേശ സ്ഥാപന കേന്ദ്രങ്ങളിൽ
സ്ഥാപിച്ച മിനി.എം.സി. എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി ) ഭൂരിഭാഗം സ്ഥലങ്ങളിലും നോക്കുകുത്തിയും കാടുകയറിയ നിലയിലുമാണ് . പലേടത്തും എം.സി.എഫുകൾ തുരുമ്പെടുത്ത നിലയിലാണ്.
വീടുകളിൽ നിന്ന് ശേഖരിച്ചതും രാത്രി സമയങ്ങളിൽ വാഹനങ്ങളിലും മറ്റും നിക്ഷേപിക്കുന്ന ചാക്ക് കെട്ട് മാലിന്യങ്ങൾ എം.സി.എഫ്. പരിസരത്തും റോഡരികിലും വലിച്ചെറിയുന്നതും തെരുവ്നായ ശല്യം രൂക്ഷമാകാൻ കാരണമായതായും പരാതിയുണ്ട്. ഹരിത സേനയുടെ പ്രവർത്തനം പലസ്ഥലങ്ങളിലും കാര്യക്ഷമമല്ലെന്നും
ഇവർക്ക് മതിയായ വേതനം ലഭിക്കുന്നില്ലയെന്നും പരാതിയുണ്ട് . പരിസരം മാലിന്യ വിമുക്തമാണെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പുദ്യോഗസ്ഥന്മാർ ജാഗ്രത പുലർത്തമെന്നും മഴ കനക്കും മുമ്പ് വഴിയോരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃർ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമായി .
ഗ്രാമ മേഖലകളിൽ മിനി എം.സി.എഫ് പ്രവർത്തനം കാര്യക്ഷമമാക്കണം:
എം.പി പ്രകാശൻ
(സമൂഹ്യ പ്രവർത്തകൻ)
നിർദേശങ്ങൾ:
മാലിന്യ പ്രശ്നത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽകാര്യക്ഷമമാക്കണം
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ബോധവൽകരണം ശക്തമാക്കണം .
സേനാംഗങ്ങൾക്ക് മതിയായ വേതനം ഉറപ്പു വരുത്തി
ഹരിത സേനയുടെ പ്രവർത്തനം കുടുതൽ മെച്ചപ്പെടുത്തണം
അനുയോജ്യമായ സ്ഥലങ്ങളിൽ മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിക്കണം
പരിസരം മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം