കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് നവീകരണത്തിന് സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും പ്രവർത്തനം മന്ദഗതിയിൽ. 2021 ജനുവരി 15ന് സർക്കാർ പ്രഖ്യാപിച്ച തുകയുടെ അവസാന ഗഡുവായ 134. 5 കോടി രൂപ കളക്ടറുടെ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് ആക്‌ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
റോഡ് വികസനത്തിനാവശ്യമായ ഭൂമിയുടെ 90 ശതമാനവും നേരത്തെ ഉഭയകക്ഷി ചർച്ച അനുസരിച്ച് സ്ഥലമുടമകൾ വിട്ടുകൊടുത്തിരുന്നു. പത്ത് ശതമാനം വരുന്ന ഭൂമി ഏറ്റെടുക്കലിലാണ് ഇപ്പോഴും കാലതാമസം. . റോഡ് നവീകരണത്തിൽ സ്ഥലം നഷ്ടപ്പെടുന്ന ചിലർ നേരത്തെ പാരയുമായി രംഗത്തുവന്നിരുന്നു. എന്നാൽ ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ നേതൃത്വത്തിൽ സത്യഗ്രഹം ഉൾപ്പെടെയുള്ള പ്രക്ഷോഭത്തെതുടർന്നാണ് റോഡ് വികസനത്തിനുള്ള സാഹചര്യം ഒരുക്കിയത്.
ഏറ്റെടുത്ത് കഴിഞ്ഞ ഭൂമിയുടെ ഇരുവശത്തുമുള്ള നിർമിതികളും മരങ്ങളും മറ്റും നീക്കംചെയ്യാൻ നൽകിയ കരാറുകളും മന്ദഗതിയിലാണ് നീങ്ങുന്നത്. സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിന്റെ മുൻ വശം നിലവിലുള്ള റോഡിനോട് തൊട്ടുള്ള രണ്ട് ബസ് സ്റ്റോപ്പുകളും ഒഴിവാക്കി താത്ക്കാലിക സംവിധാനം ഒരുക്കിയാൽ അവിടെ ഇപ്പോഴുണ്ടാകുന്ന ഗതാഗതതടസം ഒഴിവാക്കാൻ സാധിക്കും.
പ്രസിഡന്റ് എം.ജി.എസ് നാരായണന്റെ നിർദ്ദേശ പ്രകാരം ചേർന്ന ആക്‌ഷൻ കമ്മിറ്റി കമ്മിറ്റി യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി വാസുദേവൻ, സുനിൽ ഇൻഫ്രെയിം, പ്രദീപ് മാമ്പറ്റ, പി. എം കോയ, എം.ടി തോമസ്, ജോർജ് ആലക്കൽ, എൻ.ഭാഗ്യനാഥൻ, പി.സദാനന്ദൻ, കെ.പി സലിംബാബു, ടി.ടി അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.