കൊയിലാണ്ടി: ട്രോളിംഗ് നിരോധനം വന്നതോടെ കൊയിലാണ്ടിയിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾ ആശങ്കയിൽ. അമ്പതോളം ബോട്ടുകളാണ് ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇതോടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ നിന്ന് പണിക്ക് പോകാനും തിരികെ വരാനും പ്രയാസപ്പെടുകയാണ്.

ഹാർബറിൽ നിറയെ ചെളി അടിഞ്ഞു കൂടിയതിനാൽ മറ്റു വഴികളിലൂടെ വള്ളങ്ങൾക്ക് തീരത്തേക്ക് അടുക്കാൻ സാധിക്കുകയില്ല. മാത്രമല്ല സാധാരണ ഹാർബറിലേക്ക് വള്ളങ്ങൾ വരുന്ന പാതയിലും ചെളി വലിയ തോതിൽ അടിഞ്ഞിരിക്കുകയാണ്. ചെളി നീക്കം ചെയ്തങ്കിൽ മാത്രമേ വഞ്ചികൾക്ക് സുഗമായി ഹാർബറിലേക്ക് വരാനും പോകാനും സാധിക്കുകയുള്ളൂ. കാലവർഷം ശക്തമാകുമ്പോൾ കടൽ പരുക്കനായി മാറുകയും വഞ്ചികൾ ചെളിയിൽ തട്ടി മറിയാനും ഇടയുണ്ട്. അപകട സാദ്ധ്യതകൾ മുന്നിൽ കണ്ട് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നിലവിൽ മറൈൻ എൻഫോഴ്സ്മെന്റ് ഉറപ്പാക്കിയിട്ടില്ല. മാത്രമല്ല രാത്രിയിൽ ഇവർക്ക് ഡ്യൂട്ടിയില്ലാത്തതും അപകട സാദ്ധ്യത ഉയർത്തുകയാണ്. കഴിഞ്ഞ വർഷം അപകടമുണ്ടായുപ്പോൾ തൊഴിലാളികൾ തന്നെയാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ഹാർബറിൽ അടിഞ്ഞുകൂടുന്ന ചെളിസമയാസമയം നീക്കം ചെയ്യേണ്ടത് ഹാർബർ ആൻഡ് എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റാണ്. ഇതിനായി സ്ഥിരം സംവിധാനം വേണമെന്നാണ് തൊഴിലാളികൾ ആവശ്യം. ഹാർബറിന്റെ വടക്കുഭാഗത്തായി പ്ളാറ്റ്‌ഫോം ഉണ്ടാക്കിയാൽ സൗകര്യത്തോടെ ജോലിയ്ക്ക് പോകാൻ സാധിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.