കുന്ദമംഗലം: കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് പലപ്പോഴും അങ്ങാടിയിലെ ഇടുങ്ങിയ പോക്കറ്റ് റോഡുകളാണ്. അങ്ങാടിയിലെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന പൂതക്കണ്ടി റോഡ് കുപ്പിക്കഴുത്ത് പോലെയാണുള്ളത്. ടൗണിൽ ഇടക്കിടെ ഗതാഗതകുരുക്ക് രൂപപ്പെടുന്നത് വാഹനയാത്രികർക്കും കാൽനടക്കാർക്കും മറ്റും ദുരിതമാകുന്നു. നാലും വാഹനങ്ങൾ ഒരുമിച്ചെത്തിയാലോ ഏതെങ്കിലും വാഹനം റോഡ് സൈസിൽ പാർക്ക് ചെയ്താലോ ഗതാഗതകുരുക്ക് രൂപപ്പെടുകയാണ്.ഇത്തരം റോഡുകൾ വികസിപ്പിക്കാനുള്ള ആവശ്യം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ ഉയർന്നിരുന്നു.
കുന്ദമംഗലം എ.എം.എൽ.പി സക്കൂൾ, മർകസ് ഗേൾസ് ഹൈസ്ക്കൂൾ, കുന്ദമംഗലം ഹൈസ്ക്കൂൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാനപ്പെട്ട റോഡാണിത്. മാത്രമല്ല രണ്ട് സമാന്തരവിദ്യാലയങ്ങളും ഈ റോഡരികിലുണ്ട്. പയമ്പ്ര, കോരങ്കണ്ടി, വെളൂർ, പന്തീർപാടം എന്നീസ്ഥലങ്ങളിലേക്കുള്ള വാഹന യാത്രക്കാരുടെയും ആശ്രയമാണ് ഈ റോഡ്. ഈ റോഡിലേക്ക് വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും അങ്ങാടിയിൽ ഗതാഗതക്കുരുക്കുണ്ടാകുന്നത് പതിവാണ്. ഈ പോക്കറ്റ് റോഡിന്റെ ഇരുഭാഗവും വീതികൂട്ടിയാൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. ബന്ധപ്പെട്ടവർ അതിനായി നടപടി സ്വീകരിക്കണമെന്നും കുന്ദമംഗലം പഞ്ചായത്ത് വികസന സെമിനാറിൽ ആവശ്യമുയർന്നു. ബസ് സ്റ്റാൻഡ് വികസനം, ഓടകൾ വൃത്തിയാക്കൽ, ഫ്ലൈ ഓവർ സ്ഥാപിക്കൽ, സ്ടീറ്റ് ലൈറ്റ് , കൃഷി-മൃഗ സംരക്ഷണം, സ്വയം തൊഴിൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ രാജീവ് ഗാന്ധിഓഡിറ്റോറിയത്തിൽ അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാത്ഥിയായിരുന്നു. പദ്ധതി രേഖ വികസന കാര്യ ചെയർപേഴ്സൺ പ്രീതി യുസിക്ക് നൽകി എം.എൽ.എ പ്രകാശനം ചെയ്തു. വികസനരേഖക്ഷേമകാര്യ ചെയർപേഴ്സൺ ശബ്ന റഷീദിന് നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. പ്രീതി യു.സി, ശബ്ന റഷീദ്, പി.കൗലത്ത്, ഷൈജ വളപ്പിൽ, ഷാജി ചോലക്കൽ മീത്തൽ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ സ്വാഗതം പറഞ്ഞു.