 
മന്ദംകൊല്ലി: ഇന്നലെ വീണ്ടും മൂന്ന് കടുവകളെ പകൽ നേരത്ത് കണ്ട നടുക്കത്തിലാണ് മന്ദംകൊല്ലിയിലെ നാട്ടുകാർ. അമ്മക്കടുവയും രണ്ട് കുട്ടികളുമാണ് എത്തിയതെന്ന് ദൃക്സാക്ഷിയായ കുമാരൻ പറയുന്നു. തലേദിവസം രാത്രിയിൽ ഇവരുടെ വീട്ടിലെ നായ കുരച്ചു കൊണ്ടിരുന്നു. വീടിന് സമീപത്തെ തോട്ടത്തിൽ കിടക്കുന്ന കടുവകളെ രാവിലെ ഏഴരയോടെയാണ് അദ്ദേഹം കണ്ടത്. കുമാരനെ കണ്ട അമ്മക്കടുവ ഉച്ചത്തിൽ ഗർജ്ജിക്കുകയും പിന്നീട് മൂന്ന് കടുവകളും മുകളിലേയ്ക്ക് നടന്ന് ബീനാച്ചി - പനമരം റോഡ് മുറിച്ച് കടന്ന് കാപ്പിത്തോട്ടത്തിലേയ്ക്ക് കടക്കുകയായിരുന്നു.
മിക്ക ദിവസങ്ങളിലും ഈ പ്രദേശത്ത് കടുവയുടേയും കുഞ്ഞുങ്ങളുടേയും സാന്നിദ്ധ്യമുണ്ട്. മൂന്ന് മാസം മുമ്പ് ഈ പ്രദേശത്ത് കടുവക്കുഞ്ഞ് കുഴിയിൽ വീണിരുന്നു. ഇന്നലെ കടുവയെ കണ്ട സ്ഥലത്ത് നിന്ന് മുന്നൂറോളം മീറ്റർ അകലെയാണ് വീണ കുഴി. അന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കുഞ്ഞിനെ അമ്മയുടെ സാമീപ്യം ഉറപ്പിച്ചതിന് ശേഷം കാട്ടിൽ തുറന്ന് വിടുകയായിരുന്നു. പക്ഷേ അതിന് ശേഷവും കുഴിയുടെ സമീപം അമ്മക്കടുവ പതിവായെത്തി ശബ്ദമുണ്ടാക്കിയിരുന്നു. കടുവക്കുഞ്ഞ് അമ്മയുടെ അടുത്തെത്തിയിരിക്കില്ല എന്ന ആശങ്ക ആ സമയത്ത് നാട്ടുകാർക്കുണ്ടായിരുന്നു. ആ കടുവക്കുടുംബം തന്നെയാണിതെന്നും കരുതുന്നുണ്ട്.