പുൽപ്പള്ളി: ബഫർസോൺ വിഷയത്തിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇടതുപക്ഷം പ്രഖ്യാപിച്ച ഹർത്താൽ ക്രിസ്ത്യൻ സമുദായത്തോടുള്ള അവഹേളനമാണന്ന് കത്തോലിക്കാ കോൺഗ്രസ് പുൽപ്പള്ളി മേഖലാ കമ്മറ്റി ആരോപിച്ചു. ക്രൈസ്തവ സമൂഹം ദിവ്യ ബലിയിൽ പങ്കെടുക്കുന്നതിനും കുട്ടികൾ മതബോധനത്തിനായും പള്ളിയിൽ പോകുന്ന ഞായറാഴ്ച ദിവസം തന്നെ ഹർത്താൽ നടത്താനുള്ള തീരുമാനം അപലപനിയമാണ്. ബഫർ സോൺ വിഷയത്തിൽ എല്ലാ സംഘടനകളും ആളുകളും പ്രതിഷേധ സമരവുമായി രംഗത്തുണ്ട്. ജനങ്ങളുടെ പ്രതിഷേധങ്ങളും ആശങ്കകളും കേന്ദ്രത്തെ ബോധ്യപ്പെടുത്തി വിജ്ഞാപനം പിൻവലിക്കാനുള്ള നടപടിയാണ് ഭരണപക്ഷം നടത്തേണ്ടത്.
പ്രവർത്തി ദിവസങ്ങളിൽ മാത്രം ഹർത്താൽ നടത്തിയിരുന്ന ഇടതുപക്ഷം ഭരണപക്ഷത്ത് വന്നപ്പോൾ ഞായറാഴ്ച തിരഞ്ഞെടുത്തത് ഒരു വിഭാഗം വിശ്വാസികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. സർക്കാരിന് പരിക്ക് പറ്റാതെയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള ഈ തന്ത്രം വില കുറഞ്ഞതാണന്നും യോഗം ചൂണ്ടിക്കാട്ടി യോഗത്തിൽ മേഖലാ പ്രസിഡന്റ് തോമസ് പാഴൂക്കാല അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ.ജയിംസ് പുത്തൽപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് സാജു കൊല്ലപ്പള്ളി, ഫാ. ജോസ് തേക്കനാടി, ജോർജ് കൊല്ലിയിൽ, ബീനാ ജോസ് കരുമാംകുന്നേൽ, പി.എം.ജോർജ്, ജോസ് നേല്ലേടം, ഷിനു കച്ചിറയിൽ, ഷാജി ഇരുളം, സുനിൽ പാലമറ്റം, ബിനു കൊല്ലംപറമ്പിൽ, ജോമറ്റ് വാദ്യത്, തോമസ് കണിയംപ്ലാക്കൽ, സജി നമ്പുടാകത്ത്, ഷീന വടക്കേടത്ത് എന്നിവർ സംസാരിച്ചു.