കൽപ്പറ്റ: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സംബന്ധിച്ച് വയനാട് എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു എന്ന വാർത്ത കേവല ധാരണ പോലുമില്ലാത്ത ഒരാളാണ് രാഹുൽഗാന്ധി എന്ന് വെളിവാക്കുന്നതാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി.ഗഗാറിൻ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം ഗൗരവമേറിയ പ്രശ്നങ്ങൾ മനസ്സിലാക്കി ജനങ്ങളോടൊപ്പം നിൽക്കുകയും കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനാവശ്യമായ പ്രക്ഷോഭങ്ങൾക്ക് ഡൽഹിയിലടക്കം നേതൃത്വം നൽകേണ്ട ലോക്സഭാംഗം കേരള മുഖ്യമന്ത്രിക്ക് കത്ത് നൽകി എന്നാണ് പറയുന്നത്. മുഖ്യമന്ത്രി കേരള സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയതാണ്. വനവും മനുഷ്യനെയും സംരക്ഷിക്കും എന്ന് പ്രഖ്യാപിക്കുകയും ജനവാസ മേഖലകളിൽ നിലവിലുള്ള വനാതിർത്തി തന്നെ മതിയെന്ന് നിയമാനുസൃതമായി ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തതാണ്.
കേന്ദ്ര സർക്കാർ വിചാരിച്ചാൽ വിധിയെ മറികടക്കാൻ ഒരു നിയമം സൃഷ്ടിക്കാൻ കഴിയും. ഈ കാര്യത്തിൽ ഇടപെടേണ്ടതിന് പകരം കത്ത് കേരള സർക്കാരിന് നൽകുന്നത് ബോധപൂർവ്വമാണ്. പ്രശ്നപരിഹാരമല്ല ലക്ഷ്യം മറിച്ച് എല്ലാം സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനുള്ള കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ താൽപര്യമാണ് രാഹുൽ ഗാന്ധി സംരക്ഷിക്കുന്നത്. ഇത് രാഹുൽ ഗാന്ധിയെ പോലെയുള്ള ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല. ബി.ജെ.പി യെയും അവരുടെ സർക്കാരിനെ കുറ്റം പറയാൻ മടിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ നിലപാട് തന്നെയൊണ് എം.പി യും ഉയർത്തിപ്പിടിക്കുന്നത്.