കോഴിക്കോട് : കുന്ദമംഗലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ജില്ലാമെഡിക്കൽ ഓഫീസർ നൽകിയ ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ശുപാർശകൾ നടപ്പിലാക്കിയ ശേഷം 29 നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഐ. ഐ. എം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ഉത്തരവ് നൽകി. മാട്ടുമ്മൽ, പെരിങ്ങോലം മേഖലകളിൽ ഐ. ഐ. എം അശാസ്ത്രീയമായ രീതിയിൽ മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഡി. എം. ഒയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.സ്ഥലത്ത് പരിശോധന നടത്തിയ ഡി എം ഒ പരാതി ശരിവച്ചു. ശാസ്ത്രീയമായ മാലിന്യസംസ്ക്കരണമാണ് പോംവഴിയെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി. ഐ.ഐ.എമ്മിൽ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നത് എത്രയും വേഗം അവസാനിപ്പിക്കണം. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറോട് ഐ.ഐ.എമ്മിൽ കൃത്യമായ പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.