സുൽത്താൻ ബത്തേരി: ബത്തേരി കോ-ഓപ്പറേറ്റീവ് അർബ്ബൻ ബാങ്കിലെ അഞ്ച് ഡയറക്ടർ ബോർഡ് അംഗങ്ങൾ രാജിവെച്ചു. ഇതോടെ ആഗസ്റ്റ് മാസത്തിൽ നടക്കേണ്ട ഭരണസമിതി തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി.
ഒരു സി.പി.എം അംഗവും നാല് കോൺഗ്രസ് അംഗങ്ങളുമാണ് രാജിവെച്ചത്. പതിമൂന്നംഗ ഭരണ സമിതിയിൽ നിന്ന് നേരത്തെ നാല് പേർ വിട്ടുപോയിരുന്നു. അവശേഷിച്ച ഒമ്പതംഗങ്ങളിൽ അഞ്ച് പേർ രാജിവെച്ചതോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമായി. ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് നീങ്ങാൻ സാധ്യത.
ബാങ്ക് വൈസ് ചെയർപേഴ്സൺ മറിയക്കുട്ടി, അംഗങ്ങളായ അന്നക്കുട്ടി, പി.വി.വർഗീസ്, ശ്രീധരൻമാസ്റ്റർ, എൻ.എം.ജോയി എന്നിവരാണ് രാജിവെച്ചത്. ഇതിൽ ജോയി സിപിഎം പ്രതിനിധിയും ബാക്കിയെല്ലാവരും കോൺഗ്രസുകാരുമാണ്. വർഷങ്ങളായി കോൺഗ്രസാണ് ബാങ്ക് ഭരണം കയ്യാളുന്നത്. ഭരണസമിതിയുടെ ചെയ്തികളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ബാങ്കിന്റെ മുൻചെയർമാൻ പ്രൊഫ.കെ.പി.തോമസ് നേരത്തെ തന്നെ ഭരണസമിതി വിട്ടിരുന്നു. മറ്റൊരംഗമായ എം.എസ്.വിശ്വനാഥൻ സിപിഎമ്മിലേക്ക് പോയതോടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു. മേഴ്സി സാബു പഞ്ചായത്ത് പ്രസിഡന്റായതോടെയും ഒ.എം.ജോർജ് കേസുമായി ബന്ധപ്പെട്ടും ഭരണസമിതിയിൽനിന്ന് മാറിയിരുന്നു.
അഞ്ച് പേർകൂടി രാജിവെച്ചതോടെ നിലവിൽ ബാങ്ക് ചെയർമാൻ ഡോ.സണ്ണി ജോർജ്, സി.പി.വർഗീസ്, സി.എസ്.മാത്തുക്കുട്ടി, കെ.വി.ജോയി എന്നിവർ മാത്രമാണ് ഭരണസമിതിയിലുള്ളത്.
ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണമാണ് ഭരണസമിതിക്കെതിരെ സ്വന്തം പാർട്ടിക്കാർ തന്നെ ഉന്നയിച്ചത്. അവസാനമായി പ്യൂൺ, വാച്ച്മാൻ തസ്തികയിലേക്ക് നടന്ന നിയമനത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് കെ.പി.സി.സി നേതൃത്വം ബാങ്ക് ചെയർമാനെയും മറ്റൊരു കോൺഗ്രസ് പ്രവർത്തകനെയും പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പാർട്ടി പുറത്താക്കിയ ആൾ ബാങ്കിന്റെ ചെയർമാനായി തുടരുന്നതിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്ത് വന്നു.
ബാങ്ക് തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിലെ അസ്വാരസ്യം പുറത്തുവരികയായിരുന്നു.
കോൺഗ്രസിന്റെ ലേബലിൽ പാർട്ടി നേതൃത്വം കൊണ്ടുവരുന്ന മുന്നണിക്കെതിരെ മറ്റൊരു മുന്നണിയായി മൽസരിക്കാൻ ഭരണസമിതിയിലുണ്ടായിരുന്ന ചിലരുൾപ്പെടെ നീക്കം ആരംഭിച്ചു. ഇതോടെ ഭരണം പുതിയ മുന്നണിയുടെ കൈകളിലെത്തുമെന്ന സൂചനയുണ്ടായി.
അതിനിടെ കെ.പി.സി.സി മെമ്പർ കെ.കെ.വിശ്വനാഥൻ വാർത്താസമ്മേളനത്തിൽ ബാങ്ക് ഭരണം സിപിഎമ്മിന്റെ കൈകളിൽ എത്തിക്കുന്നതിന് ചിലർ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
ആഗസ്റ്റ് 20-ന് നടക്കേണ്ട ബാങ്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബോർഡ് ചേരാനിരിക്കെയാണ് ഭരണസമിതി അംഗങ്ങളുടെ രാജി. രാജിവിവരം സഹകരണ ബാങ്ക് രജിസ്ട്രാറെയും ആർബിഐയെയും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്.