കോഴിക്കോട്: വൃത്തിയുള്ള ഇടങ്ങളാണ് ഒരു നാടിന്റെ സംസ്‌കാരത്തെ നിർണയിക്കുന്നതെന്നും മാലിന്യ സംസ്‌കരണം നാടിന്റെ ആവശ്യമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ശുചിത്വ പദവി അവാർഡ് ദാനവും ശുചിത്വം സുന്ദരം എന്റെ ഫറോക്ക് പദ്ധതി പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജൈവ, അജൈവ മാലിന്യസംസ്‌കരണത്തിന് ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഫറോക്ക് നഗരസഭയെ മന്ത്രി അഭിനന്ദിച്ചു. പരിസരശുചിത്വ പരിപാലനത്തിൽ ജനകീയ മുന്നേറ്റത്തോടെയുള്ള പ്രവർത്തനം വേണമെന്ന് സൂചിപ്പിച്ച മന്ത്രി ഹരിതകർമ്മസേനയെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.നിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ 'ശുചിത്വം സുന്ദരം എന്റെ ഫറോക്ക്' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഫറോക്ക് നഗരസഭ ഹരിതകർമ സേനാംഗങ്ങളെയും ഹെൽത്ത് ഇൻസ്‌പെക്ടർ സി.കെ.വത്സൻ, ജെ.എച്ച്.ഐ.സി സജീഷ്, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ പ്രിയ എന്നിവരെയും ആദരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കുമാരൻ, ഫറോക്ക് നഗരസഭാ സെക്രട്ടറി ഇൻചാർജ് ടി.അഭിലാഷ്, ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീകല, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ പ്രിയ, നഗരസഭ ആസൂത്രണ ഉപാദ്ധ്യക്ഷൻ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ. റീജ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ സി.കെ. വത്സൻ നന്ദിയും പറഞ്ഞു.