കോഴിക്കോട്: കൊവിഡിന്റെ ഭാഗമായി ലോകമെങ്ങും തൊഴിൽനഷ്ടമുണ്ടായപ്പോൾ അതിനെ അതിജീവിച്ച് മുന്നോട്ടുനീങ്ങിയവരാണ് പ്രവാസികളെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൗൺഹാളിൽ ലോക കേരളസഭ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾ ഈ നാടിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രവാസത്തിന്റെ തോത് നാൾക്കുനാൾ കൂടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുകഥാകൃത്ത് ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് മുഖ്യാതിഥിയായി. പ്രവാസമില്ലായിരുന്നെങ്കിൽ കേരളത്തിൽ വികസനമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലയാളികൾ യുദ്ധം കണ്ടിട്ടില്ലെന്നാണ് പൊതുവെ പറയാറ്. എന്നാൽ ആദ്യകാല പ്രവാസം തന്നെയാണ് മലയാളികളുടെ യുദ്ധം. അവരുടെ ത്യാഗത്തിന്റെ യുദ്ധമാണ് പ്രവാസം. എത്രയോ ആളുകൾ ലോഞ്ച് മുങ്ങിമരിച്ചു. കൊടിഞ്ഞിയിൽ നിന്നും പോയ ഒരു ലോഞ്ച് മൊത്തത്തിൽ മറിഞ്ഞു. ഇതൊന്നും ഒരു പുസ്തകത്തിലോ വിക്കിപീഡിയയിലോ പോലുമില്ല. കേരളത്തിന്റെ സാമ്പത്തിക നവോത്ഥാന നായകൻ ഗൾഫ് മണിയാണ്. എന്നാൽ ഇക്കാര്യം പലർക്കും അറിയുക പോലുമില്ല. കേരളത്തിലുണ്ടായ സാക്ഷരത, ആരോഗ്യമേഖലയിലെ വളർച്ച, സങ്കേതികരംഗത്തെ വളർച്ച എന്നിവയ്ക്കെല്ലാം പ്രവാസികളോടാണ് കേരളം കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ ബാദുഷ കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ മോഡറേറ്ററായി. പ്രവാസവും വികസനവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം കെ. രവിരാമൻ വിഷയമവതരിപ്പിച്ചു. ഒഡെപെക് ചെയർമാൻ കെ.പി അനിൽകുമാർ, ചരിത്രകാരൻ ഡോ. പി.ജെ വിൻസെന്റ് എന്നിവർ പാനൽ അംഗങ്ങളായി. സ്വാലിഹ എം.വി സ്വാഗതവും ടി. അനീഷ് നന്ദിയും പറഞ്ഞു. സെമിനാറിന് ശേഷം ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ നയിച്ച സംഗീത സന്ധ്യയും അരങ്ങേറി.