കൽപ്പറ്റ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വയനാട്ടിൽ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. 16 ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു.

2014 ൽ കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം 123 വില്ലേജുകളിലെയും ആവാസകേന്ദ്രങ്ങളും കൃഷിഭൂമികളും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ വാണ്ടി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഏകകണ്ഠമായി പാസ്സാക്കിയിരുന്നു. 2019 ൽ എൽ.ഡി.എഫ് മന്ത്രിസഭാ യോഗം ഒരു കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചത് സുപ്രീംകോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ട്.

വിധിയിൽ ഇളവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റ് കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് ഉത്തരവിൽ തന്നെ പറഞ്ഞിട്ടുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി.

പാൽ,പത്ര വിതരണം, വിവാഹം, മരണം തുടങ്ങിയ ആവശ്യ സർവീസുകൾ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി യു.ഡി.എഫ് ചെയർമാൻ പി.പി.എ.കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ എന്നിവർ അറിയിച്ചു.