സുൽത്താൻ ബത്തേരി: സംരക്ഷിത വനത്തോട് ചേർന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി മനുഷ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ സംവിധാനങ്ങൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ കെസിവൈഎം മാനന്തവാടി രൂപത നയിക്കുന്ന ബഹുജന പ്രക്ഷോഭ റാലിയും പൊതുസമ്മേളനവും തിങ്കളാഴ്ച ബത്തേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനങ്ങളുടെ നിലനിൽപ്പ് ചോദ്യം ചെയ്യുന്ന കോടതിവിധിക്കെതിരെയുള്ള പ്രക്ഷോഭ സമരങ്ങളുടെ ആദ്യപടിയായാണ് റാലി നടത്തുന്നത്.
എക്യുമെനിക്കൽ ഫോറത്തിന്റെയും എംസിവൈഎം ബത്തേരി രൂപതയുടെയും എകെസിസി, ചെറുപുഷ്പം മിഷൻലീഗ്, മാതൃവേദി, തുടങ്ങി മാനന്തവാടി രൂപതയിലെ വിവിധ സംഘടനകളുടെയും ഇടവകകളുടെയും സഹകരണത്തോടെയാണ് കെസിവൈഎം പ്രക്ഷോഭം നടത്തുന്നത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ റാലി പട്ടണം ചുറ്റി സ്വതന്ത്രമൈതാനിയിൽ സമാപിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപത മെത്രപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബത്തേരി രൂപത മെത്രാപ്പോലീത്ത ജോസഫ് മാർ തോമസ്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയിൽ, മാനന്തവാടി രൂപതാ വികാരി പോൾ മുണ്ടോളിക്കൽ, ബത്തേരി ഫൊറോന വികാരി ഫാ.ജോസഫ് പരുവുമ്മേൽ, കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ എന്നിവർ സംസാരിക്കും. റാലിയിൽ രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് റ്റിബിൻ വർഗീസ്, ബ്രാവോ പുത്തൻപറമ്പിൽ, ആൻമേരി കൈനിക്കൽ, ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ഫാ.ജോസഫ് പരുവിമ്മേൽ, ഫാ.എ.ടി.ബേബി, വിൻസന്റ് വട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.


ഗ്രാമസഭ യോഗം വിളിച്ച് പ്രമേയം പാസാക്കും

സുൽത്താൻ ബത്തേരി: സംരക്ഷിത വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കി നിലനിർത്തണമെന്ന കോടതി ഉത്തരവിനെതിരെ ത്രിതല പഞ്ചായത്തിലെയും നഗരസഭയിലെയും മുഴുവൻ ഡിവിഷനുകളിലും വിശേഷാൽ ഗ്രാമ സഭകൾ വിളിച്ചുചേർത്ത് പ്രമേയം പാസാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അയച്ചുനൽകാൻ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ബത്തേരി മുനിസിപ്പാലിറ്റിയിലെയും ഏഴ് ഗ്രാമ പഞ്ചായത്തുകളിലും ഈ മാസം 17,18 തിയ്യതികളിൽ വിശേഷാൽ ഗ്രാമസഭകൾ വിളിച്ചുചേർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടിയന്തിര ഡിപിസി മീറ്റിംഗ് വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്യുന്നതിനും ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
ബത്തേരി മുനിസിപ്പൽ ചെയർമാൻ അടക്കമുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ ഐ.സി.ബാലകൃഷ്ണൻ എം.എൽഎ യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ,ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി.കെ.രമേശ്, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, നെന്മേി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു എന്നിവർ പങ്കെടുത്തു.


ബഫർ സോൺ ചർച്ച ചെയ്യാൻ സർക്കാരും വകുപ്പു മന്ത്രിയും തയ്യാറാകണം : കെ.മുരളീധരൻ എം.പി
സുൽത്താൻ ബത്തേരി: ജനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ബഫർസോൺ വിഷയം ചർച്ചചെയ്യാൻ സർക്കാരും വകുപ്പ് മന്ത്രിയും ഉണർന്ന് പ്രവർത്തിക്കണമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. ബത്തേരി യുഡിഎഫ് മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്രമൈതാനിയിൽ ബഫർ സോണിനെതിരെ നടന്ന ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ സമാധാനപരമായി നടക്കുന്ന ജനകീയ പ്രക്ഷോഭ സമരങ്ങളെ നോൺവെജിറ്റേറിയൻ സമരമാക്കിമാറ്റരുത്. സമയമില്ലെന്ന് പറഞ്ഞ് ജനങ്ങളെ കാണാൻ ഭയക്കുന്ന മുഖ്യമന്ത്രിയുടെ ചെയ്തികൾ സംസ്ഥാനത്ത് നാഥനില്ലാ കളരിയായി മാറിയെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
മൃഗങ്ങളുടെ പേര് പറഞ്ഞ് വയനാടിന്റെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് പല കോടതിവിധികളിലും കാണുന്നത്. വിധികളിൽ മനുഷ്യത്വമുണ്ടാകണം. മനുഷ്യനെ ഒഴിപ്പിക്കണമെന്ന് പറയുന്നത് ശരിയല്ല.
സമരം യുഡിഎഫ് ജില്ലാ ചെയർമാൻ പിപിഎ കരിം ഉദ്ഘാടനം ചെയ്തു. കെ.നൂറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, സതീഷ് പൂതിക്കാട്, ഡി.പി.രാജശേഖരൻ, നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ,ബാബു പഴുപ്പത്തൂർ, പി.പി.അയൂബ്, രാജേഷ്‌കുമാർ, ഷബീർ അഹമ്മദ് എന്നിവർ സംസാരിച്ചു. പട്ടണത്തിൽ പ്രതിഷേധ റാലിയും നടത്തി.