കോഴിക്കോട്: കെ.ചാത്തുണ്ണി മാസ്റ്ററുടെ ജീവിതം ആധുനിക കേരള ചരിത്രത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാത്തുണ്ണി മാസ്റ്ററുടെ ലേഖനങ്ങളും നിയമസഭാ പ്രസംഗങ്ങളും അനുസ്മരണക്കുറിപ്പുകളും സമാഹരിച്ച 'സഖാവ് കെ. ചാത്തുണ്ണി മാസ്റ്റർ' പുസ്തകം കോഴിക്കോട്ട് പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചാത്തുണ്ണി മാസ്റ്ററുടെ പ്രവർത്തനം കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ കണ്ണാടിയാണ്. സി.പി.എം രൂപീകരണ കാലം തൊട്ട് പാർട്ടി പ്രവർത്തകരെ ആശയപരമായി നിലവാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അദ്ധ്യാപകനായി മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാഹചര്യമുണ്ടായിട്ടും സമൂഹത്തിലെ അനീതിയെ ചോദ്യം ചെയ്യാനും എതിർക്കാനും തയ്യാറായാണ് ചാത്തുണ്ണി മാസ്റ്റർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തുന്നത്. നിയമസഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും അഖിലേന്ത്യാ തലത്തിൽ കർഷക നേതാവെന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. സാധാരണക്കാരെ ആകർഷിക്കുന്ന പ്രസംഗശൈലി അദ്ദേഹത്തെ ജനപ്രിയനാക്കിയെന്നും പിണറായി പറഞ്ഞു.
ട്രിപെൻഡ ഹോട്ടലിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ പുസ്തകം ഏറ്റുവാങ്ങി. കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പുസ്തകം പരിചയപ്പെടുത്തി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ടി.പി.ദാസൻ, വി.കെ.സി മമ്മദ്‌കോയ, അഡ്വ. ഇ.കെ.നാരായണൻ, അഡ്വ. കെ.ജയരാജൻ എന്നിവർ പ്രസംഗിച്ചു. അഡ്വ.കെ.പി.അശോക് കുമാർ സ്വാഗതവും അഡ്വ. യു.കെ. രാജൻ നന്ദിയും പറഞ്ഞു.