കോഴിക്കോട്: പൊലീസിന്റെ കനത്ത സുരക്ഷയിലും മുഖ്യമന്ത്രിയ്ക്കുനേരെ കരിങ്കൊടി പ്രതിഷേധം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസും യുവമോർച്ചയും യൂത്ത് ലീഗും കെ.എസ്.യുവും കരിങ്കൊടി കാട്ടി. മൂന്ന് പരിപാടികൾക്കായി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയെങ്കിലും പ്രതിഷേധം തെരുവിൽ കൊടുങ്കാറ്റായി. നഗരത്തിൽ അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. കറുത്ത മാസ്കും ഷാളും ധരിക്കുന്നതിന് കോഴിക്കോടും പൊലീസ് വിലക്കേർപ്പെടുത്തി. ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രി മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് പ്രവേശിച്ചയുടനെ ദേശീയപാതയിൽ പന്തീരങ്കാവിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചു. ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം വൈകീട്ട് 3.30ന് സരോവരത്തിന് സമീപം ട്രിപ്പെന്റ ഹോട്ടലിൽ 'സഖാവ് ചാത്തുണ്ണിമാസ്റ്റർ' പുസ്തക പ്രകാശനത്തിനും നാലിന് എരഞ്ഞിപ്പാലത്തെ ജില്ലാ സഹകരണ ആശുപത്രി പുതിയ ബ്ലോക്ക് ഉദ്ഘാടത്തിനും എത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും വച്ചായിരുന്നു യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ചായിരുന്നു രണ്ടിടത്തും പ്രതിഷേധക്കാരെത്തിയത്. മുഖ്യമന്ത്രിയുടെ കമാൻഡോ വാഹനം പ്രവർത്തകർക്ക് നേരെ അപകടകരമാം വിധം ഓടിച്ചു കയറ്റാൻ ശ്രമിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എം.ധനീഷ് ലാൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീയേഷ് ചെലവൂർ, സി.ടി.ജെറിൽ ബോസ്, വി.ടി.സൂരജ്, മുരളി അമ്പലക്കോത്ത്,
എം.പി.രാഗിൻ, ശ്രീകേഷ് കുരുവട്ടൂർ, ആകാശ് ചേളന്നൂർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാരപ്പറമ്പിൽ ജില്ലാ പ്രസിഡന്റ് ടി. റനീഷിന്റെ നേതൃത്വത്തിലാണ് യുവമോർച്ച കരിങ്കൊടി കാണിച്ചത്. സഹകരണ ആശുപത്രിയ്ക്ക് സമീപം പ്രതിഷേധിച്ച യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ ലിബിൻ ബാലുശ്ശേരി, രഗിലേഷ്, പ്രവീൺ ശങ്കർ, പിലാശ്ശേരി മണ്ഡലം പ്രസിഡന്റ് ഷൈനേഷ്, വൈഷ്ണവേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ റീബിത്ത് മാങ്കാവ്, ശരത് ചാത്തമംഗലം, പി. രാഹുൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം വൈകിട്ട് 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങ് നടന്ന നടക്കാവ് ഭാഗത്ത് പ്രതിഷേധം ഉണ്ടായില്ല. ഇവിടെ മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യം അർപ്പിച്ച് സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
@ കറുത്ത മാസ്ക് ഒഴിവാക്കാൻ നിർദ്ദേശിച്ച് കോഴിക്കോട് രൂപത
കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിൽ കറുത്ത മാസ്കും ഷാളും ഒഴിവാക്കാൻ സംഘാടകർ നിർദ്ദേശം നൽകി. പൊലീസ് നിർദ്ദേശത്തെ തുടർന്നല്ല നടപടിയെന്ന് രൂപത അധികൃതർ പറഞ്ഞു.