കോഴിക്കോട്.മിഠായിത്തെരുവിലൂടെ ഓട്ടോറിക്ഷ, ഇരുചക്ര, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയുടെ ഗതാഗതം അനുവദിക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയണൽ പ്രസിഡന്റ് ഷെവലിയർ സി.ഇ.ചാക്കുണ്ണിയും കൺവീനർ പി.ഐ.അജയനും അഭ്യർത്ഥിച്ചു.
പൊലീസ് കമ്മിഷണർ ഓഫീസ് പരിസരത്ത് നിരന്തരം സമരങ്ങളും മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്യുന്നതും മുന്നറിയിപ്പില്ലാതെ ഗതാഗതം വഴിതിരിച്ചുവിടുന്നതും മൂലം റെയിൽവേ സ്റ്റേഷൻ, വലിയങ്ങാടി, എം.പി.റോഡ്, മേലെ പാളയം ഭാഗത്തേക്കും, കോട്ടപ്പറമ്പ് ആശുപത്രി, പാളയം ബസ് സ്റ്റാൻഡ്, തളി, കല്ലായി റോഡ് ഭാഗത്തേക്കും യാത്രാ ചെയ്യേണ്ടവർ വിഷമിക്കുകയാണ്.
മണിക്കൂറോളം നീളുന്ന ഗതാഗതതടസം, മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച റിസർവേഷൻ ട്രെയിൻയാത്ര പോലും നഷ്ടപ്പെടുത്തുന്നു. അതിനാൽ പൊതുജനങ്ങളുടെ യാത്രാദുരിതം ലഘൂകരിക്കാൻ അധികാരികൾ എത്രയും വേഗം മിഠായിത്തെരുവിലെ വാഹന ഗതാഗത നിരോധനം പിൻവലിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.