പുൽപ്പള്ളി: കൊളവള്ളിയിൽ മൈനർ ഇറിഗേഷന്റെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് വേണ്ടി പൈപ്പിടാൻ കനാൽ പണി നടത്തവേ മണ്ണിടിഞ്ഞ് വീണ് തമിഴ്നാട്ടുകാരനായ നിർമാണ തൊഴിലാളി മരിച്ചു.
ഈറോഡ് സ്വദേശി ഭൂമിനാഥൻ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പ്രകാശിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് അപകടം. നിർമാണ ജോലിക്കിടെ പത്ത് അടി മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇരുവരെയും ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്. പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ഭൂമിനാഥനെ രക്ഷിക്കാനായില്ല.

മുള്ളൻകൊല്ലി പഞ്ചായത്തിലെ വിശാല പാടശേഖരമായ കൊളവള്ളിയിലെ 50 ഏക്കർ ജലസേചനപദ്ധതിക്ക് മൈനർ ഇറിഗേഷൻ പ്രൊജക്ട് 3 കോടി രൂപയാണ് പമ്പ് ഹൗസിനും പൈപ്പുകൾക്കുമായി ചിലവഴിക്കുന്നത്. സമീപത്ത്കൂടി ഒഴുകുന്ന കബനി നദിയിൽ നിന്ന് ജലം പമ്പ് ചെയ്ത് പാടശേഖരത്തിൽ ജലം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി 10 ഓളം തൊഴിലാളികൾ 2 മാസമായി ഇവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നു.

ഭൂമിനാഥനും സഹപ്രവർത്തകരും പൈപ്പിന് കുഴിയെടുക്കവേ മഴയത്ത് നനഞ്ഞ് കുതിർന്ന മണ്ണ് പതിക്കുകയായിരുന്നു. മണ്ണ് ഇടിയുന്നത് കണ്ട ചിലർ ഓടി മാറിയെങ്കിലും ഭൂമിനാഥനും പ്രകാശനും ചെളിയിൽ കുടുങ്ങി. ഭൂമിനാഥന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഈറോഡുള്ള കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്.